മാന്നാര്‍: പമ്പാ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ വേണ്ടി കെട്ടിയ കൊടിയെ ചൊല്ലിയുണ്ടായ തര്‍ക്കം പൊലീസ് ലാത്തി വീശലിലാണ് കലാശിച്ചത്. പരുമല പമ്പാ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിച്ചപ്പോഴാണ പ്രശ്നം ഉടലെടുത്തത്.

വിദ്യാര്‍ത്ഥി സംഘടനകള്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുവാൻ വേണ്ടി മത്സരിച്ച് കൊടി തോരണങ്ങള്‍ കെട്ടിയിരുന്നു. പരുമല പാലം മുതല്‍ കാമ്പസിനുള്ളില്‍ വരെ കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. എന്നാല്‍ കാമ്പസിനുള്ളിലെ കെഎസ്‌യുവിന്‍റെ കൊടികള്‍ എടുത്ത് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. എസ് എഫ് ഐക്കാരാണ് ഇത് ചെയ്തതെന്ന് ആരോപിച്ച കെഎസ്‌യു വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ യുടെ കൊടുകളും അഴിച്ച് മാറ്റി.

ഇതേ തുടര്‍ന്ന് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുത്തതോടെ പൊലീസ് എത്തി ലാത്തി വീശുകായിരുന്നു. തിരുവല്ല ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളോടും കോളേജ് അധികൃതരോടും ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഗേറ്റിനുള്ളിലെ മുഴുവന്‍ കൊടി തോരണങ്ങളും നീക്കം ചെയ്യാമെന്ന ധാരണയില്‍ പ്രശ്‌നം പരിഹരിച്ചു. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും പമ്പാ കോളേജില്‍ പഠിപ്പ് മുടക്കും.