തൃശൂർ: പാവറട്ടി തിരുനെല്ലൂകരിൽ സിപിഎം പ്രവർത്തകൻ ഷിഹാബുദ്ദീൻ കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 40,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ പി എസ് ശ്രീധരൻപിള്ളയാണ് പ്രതികൾക്കുവേണ്ടി ഹാജരായിരുന്നത്.

പൂവ്വത്തുർ പാട്ടാളി വീട്ടിൽ നവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെൺമേനാട്ചുക്കു ബസാർ കോന്തച്ചൻ വീട്ടിൽ രാഹുൽ (28), മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കെപ്പാട്ട് വീട്ടൽ സുബിൻ എന്ന കണ്ണൻ(31), വെൺമേനാട് കോന്തച്ചൻ വീട്ടിൽ ബിജു(38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയ്ശങ്കർ(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെപ്രധാനപ്രതികൾക്ക് സാമ്പത്തിക സഹായവും താമസ സൗകര്യവും നൽകിയെന്നും മറ്റും ആരോപിച്ച് പ്രതികളാക്കിയ നാലുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. തൃശൂർ 4-ാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ ആർ മധുകുമാറാണ് കേസ് പരിഗണിച്ചത്.

2015 മാർച്ച് ഒന്നാം തീയ്യതി രാത്രി ഏഴു മണിക്കാണ് സംഭവം നടന്നത്. പെയിന്റിങ് ജോലി കഴിഞ്ഞ് കുട്ടികൾക്കുള്ള ഭക്ഷണംവാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ പെരിങ്ങാട് എന്ന സ്ഥലത്തു വച്ചായിരുന്നു ആക്രമണം. അംബാസഡർ കാറിൽ എതിർദിശയിൽ നിന്നും വന്ന പ്രതികൾ ഷിഹാബ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിച്ചു വീഴ്ത്തുകയും താഴെ വീണ ബൈജുവിനെ വാൾ വീശി ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം ഷിഹാബിനെ വെട്ടുകയുമായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ കാനയിൽ വീണ ഷിഹാബിന്റെ തലയിലും ശരീരത്തിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വലതുകൈ തോളിൽ നിന്നും അറ്റു തൂങ്ങിയ നിലയിലായിരുന്ന ഷിഹാബിനെ ചാവക്കാട് രാജ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ എലൈറ്റ് ആശുപുത്രിയിലേക്ക് മാറ്റി. തുടർന്ന് രാത്രി 10.10 ഓടെ അന്ത്യം സംഭവിച്ചു.

കൂടെ സഞ്ചരിച്ച ബൈജുവിന്റെ നട്ടെല്ലിനും കൈകൾക്കും പരിക്കേറ്റിരുന്നു. 49 വെട്ടുകളേറ്റ നിലയിലാണ് ഷിഹാബിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുവായൂർ സി ഐ ആയിരുന്ന കെ സുദർശനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സിപിഎം പ്രവർത്തകനായ ഷിഹാബിനെ രാഷ്ട്രീയമായ വിരോധത്താൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായിരുന്ന പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 65 വിസ്തരിക്കുകയും 155 രേഖകളും 45 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. 2006 ൽ ഷിഹാബിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായിരുന്ന മുജീബ് റഹ്മാനെയും അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഷിഹാബ് വധക്കേസിൽ സ്പെഷൽപ്രോസിക്യൂട്ടറായി നിയമിതനായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർകൂടി ആയ അഡ്വ കെ ഡി ബാബുവാണ് ഹാജരായത്.