കൊവിഡും അനുബന്ധ പ്രശ്‌നങ്ങളും നിലനിന്നിരുന്നതില്‍ വളരെ പ്രതിസന്ധിയിലൂടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. യൂണിവേഴ്‌സിറ്റില്‍ മൂന്നാം റാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അഞ്ജിത പറയുന്നു. സാമ്പത്തിക പരാധീനതകള്‍ മറികടന്ന് ഐ എ എസ് മോഹം കൈപ്പിടിയിലൊതുക്കണമെന്ന് ശാലു പറഞ്ഞു. 

മൂന്നാര്‍: എംജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി മൂന്നാറിന് അഭിമാനമായി മാറിയിരിക്കുകയാണ് മ്യുതുല-ഷാജി ദമ്പതികളുടെ മൂത്തമകള്‍ അഞ്ജിത ഷാജി. അഞ്ജിതയെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറും വൈസ് പ്രസിഡന്റ് രാജേന്ദ്രനും വീട്ടിലെത്തി അനുമോദിച്ചു. മൂന്നാര്‍ കൊരണ്ടിക്കാട് സ്‌കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയാണ് മ്യുതുല-ഷാജി ദമ്പതികളുടെ മൂത്തമകള്‍ അഞ്ജിത ഷാജി കോതമംഗലത്തെ യല്‍ദോ മാര്‍ ബയോലിയസ് കോളേജില്‍ തുടര്‍പഠനത്തിനായി പോയത്. 

ബിഎ ഇന്റീരിയല്‍ ഡിസൈനിംങ്ങായിരുന്നു പഠന വിഷയം. 2019-2022 കാലയളവിലായിരുന്നു പഠനം. കൊവിഡും അനുബന്ധ പ്രശ്‌നങ്ങളും നിലനിന്നിരുന്നതില്‍ വളരെ പ്രതിസന്ധിയിലൂടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. യൂണിവേഴ്‌സിറ്റില്‍ മൂന്നാം റാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അഞ്ജിത പറയുന്നു. മൂന്നാറിനുതന്നെ അഭിമാനമായി മാറിയ അഞ്ജിതയെ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറും വൈസ് പ്രസിഡന്റ് രാജേന്ദ്രനും വീട്ടിലെത്തി അനുമോദിച്ചു. പഠനത്തിന് ആവശ്യമായ എല്ലാ സഹായവും കുട്ടിക്ക് നല്‍കുമെന്ന് ഇരുവരും പറഞ്ഞു. 

എം ജി യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ദേവികുളം സ്വദേശിനിയും മുരിക്കാശ്ശേരി പവനാത്മ കോളേജിലെ വിദ്യാര്‍ത്ഥിനുമായ ശാലു ബിജു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയായിരുന്നു ശാലു ബിരുദ പഠനത്തിനായി എത്തിയത്. ഐഎഎസ് മോഹം മനസ്സിലുള്ള ശാലു ഇന്ന് ദേവികുളം സബ്കളക്ടറുടെ ഓഫീസിലെത്തി. സാമ്പത്തിക പരാധീനതകള്‍ മറികടന്ന് ഐ എ എസ് മോഹം കൈപ്പിടിയിലൊതുക്കണമെന്ന് ശാലു പറഞ്ഞു. 

സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ബിജുവിന്റെയും രാജേശ്വരിയുടെയും രണ്ടാമത്തെ മകളാണ് ശാലു. അലീനയാണ് ശാലുവിന്റെ സഹോദരി. മകളുടെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും മകളുടെ ഐ എ എസ് മോഹം സാമ്പത്തിക പരിമിതികള്‍ മറികടന്ന് പൂവണിയിച്ച് നല്‍കണമെന്നാണ് ആഗ്രഹമെന്നും ബിജുവും രാജേശ്വരിയും പറഞ്ഞു. അടിമാലി ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു മുമ്പ് ശാലു പഠനം നടത്തിയിരുന്നത്. സാമ്പത്തിക പരാധീനതകള്‍ മറി കടന്ന് മുമ്പോട്ട് പോകാന്‍ ശാലുവിന്റെ കുടുംബത്തിന് മുന്‍ പഞ്ചായത്തംഗം സുരേഷടക്കമുള്ളവരുടെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള പഠനത്തിലും മികച്ച വിജയം നേടി മുമ്പോട്ട് പോകണമെന്ന ആഗ്രഹം ശാലു പങ്ക് വച്ചു.