കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഷെമാമും വിളഞ്ഞു. പുത്തൻവെളി സാംബശിവനും കുടുംബവും അൻപത് സെന്റിൽ നടത്തിയ ഷെമാം കൃഷിയാണ് വിജയമായത്. 

ആലപ്പുഴ: (Alapuzha) കഞ്ഞിക്കുഴിയുടെ (Kanjikkuzhi) ചൊരിമണലിൽ ഷെമാമും വിളഞ്ഞു. പുത്തൻവെളി സാംബശിവനും കുടുംബവും അൻപത് സെന്റിൽ നടത്തിയ ഷെമാം കൃഷിയാണ് വിജയമായത്. വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. അറബിനാടുകളിലാണ് ഷെമാമിന്റെ സ്വദേശമെങ്കിലും ഇവിടെയും മികച്ച വിളവാണ് ലഭിക്കുന്നത്. 

വേനൽ കടുത്തതോടെ ഷെമാം ജ്യൂസിനും ആവശ്യക്കാർ ഏറുകയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട ഷെമാം കൃഷിക്ക് പരിചരണ ചിലവ് കുറവാണ്. പ്രാദേശിക മാർക്കറ്റുകളിലാണ് വിപണനം. ഷെമാമിനൊപ്പം വിവിധങ്ങളായ വിളകളും കൃഷി ചെയ്തിട്ടുണ്ട്. ജൈവ പച്ചക്കറി കൃഷിയുടെ കേന്ദ്രമായ കഞ്ഞിക്കുഴിയിലെ സൂര്യകാന്തി തോട്ടങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. 

ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, എസ് ഹെബിൻ ദാസ്, സി കെ ശോഭനൻ, പിഎസ് ശ്രീലത, സിജി സജീവ്, പിപി രാജു, സാംബശിവൻ, ആർ രവിപാലൻ കൃഷി ഓഫീസർ ജാനിഷ് ജേക്കബ്, വിടി സുരേഷ്, ഹരിദാസ് എന്നിവർ പങ്കെടുത്തു. ഭാര്യ സൗദാമിനിയാണ് കൃഷിയിൽ സഹായി.

മലപ്പുറത്തെ പള്ളി പെയിന്‍റടിച്ച് മോടി കൂട്ടി സൂര്യ നാരായണൻ, ഇത് മതസൌഹാർദ മാതൃക

മലപ്പുറം: റംസാന് മുമ്പ് പള്ളികളില്‍ പെയിന്‍റടിക്കലും വൃത്തിയാക്കലും പതിവ് കാഴ്ച്ചയാണ്. എന്നാല്‍ മലപ്പുറം (Malappuram) വറ്റല്ലൂരിലെ മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖ് പള്ളിയിലെ പെയിന്‍റടിയില്‍ (Painting) അൽപ്പം വ്യത്യാസമുണ്ട്. അത് മത സൗഹാര്‍ദ്ദത്തിന്‍റെ (Religious Harmony) കഥകൂടിയാണ്. മലപ്പുറത്ത് നിന്ന് മതസൗഹാര്‍ദ്ദത്തിന്‍റെ നിരവധി കഥകള്‍ നേരത്തെ വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് റംസാൻ കാലത്ത് പുതിയൊരു കഥ സൂര്യനാരായണൻ എഴുതിച്ചേർക്കുന്നു. 

പള്ളിയുടെ അയല്‍വാസിയായ സൂര്യനാരായണൻ 45000 രൂപ ചിലവിട്ടാണ് പള്ളി പെയിന്‍റടിച്ച് മോടി കൂട്ടിയത്. റംസാൻ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കയോ ചെയ്തിട്ടുണ്ടായിരുന്നില്ല. 

മുസ്ലിം വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കി റംസാനെ വരവേൽക്കാൻ തയ്യാറാകുമ്പോൾ ഈ നിസ്‌കാരപ്പള്ളി പെയിന്റ് ചെയ്യാത്ത കാര്യം ശ്രദ്ധയിൽപ്പെട്ട ഖത്തറിൽ ജോലി ചെയ്യുന്ന സൂര്യനാരായണൻ തന്റെ കർത്തവ്യമായികണ്ട് സ്വയം മുന്നോട്ടു വന്ന് ജോലി ഏറ്റെടുക്കുകയായിരുന്നു. 

പള്ളിക്കമ്മിറ്റിയുടെ അനുമതി കിട്ടിയതോടെ സൂര്യനാരായണൻ തന്നെ ജോലിക്കാരെ ഏർപ്പാടാക്കി. തിരികെ പ്രവാസലോകത്തേക്ക് മടങ്ങിയ സൂര്യനാരായണൻ സഹോദരൻ അജയകുമാർ വഴിയാണ് ജോലികൾ പൂർത്തിയാക്കിയത്. ഒരാഴ്ചയോളമായിരുന്നു ജോലിയുണ്ടായിരുന്നത്. നോമ്പ് തുടങ്ങുന്നത് രണ്ട് ദിവസം മുമ്പ് തന്നെ പെയിന്റിംഗ് പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് സൂര്യനാരായണന്റെയും പള്ളിയുടെയും ആ നാടിന്റെയും മതസൌഹാർദ്ദം.