Asianet News MalayalamAsianet News Malayalam

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്ലാറ്റുടമകളോട് കാണിക്കണോ? വിമര്‍ശനവുമായി ഷമ്മി തിലകന്‍

തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണ്.  മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോയെന്ന് ഷമ്മി തിലകൻ 

Shammy Thilakan criticize maradu flat owners and corporation pointing Moolampilly strike in lime light
Author
Kochi, First Published Sep 14, 2019, 9:50 AM IST

കൊച്ചി: നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയില്‍  ഫ്ലാറ്റ് ഉടമകൾക്കെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾക്കെതിരെ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്‍റെ പ്രതികരണം. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാണിക്കണോയെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും ഷമ്മി വ്യക്തമാക്കുന്നു.

ഒഴിയുന്നതിന് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേ നഗരസഭയുടെ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാനുള്ള നീക്കത്തിലാണ് ഫ്ലാറ്റ് ഉടമകള്‍.  ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന് നഗരസഭാ നോട്ടീസ് നൽകിയത്.


ഷമ്മി തിലകന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.

Follow Us:
Download App:
  • android
  • ios