ശാന്താ രാജന് കുടികിടപ്പ് കിട്ടിയ മൂന്ന് സെന്റ് സ്ഥലം വഴിക്കായി ചോദിക്കാന്‍ നാട്ടുകാര്‍ മടിച്ചെങ്കിലും പൊതുവഴിക്കുള്ള സ്ഥലം വിട്ടു നല്‍കാന്‍ ശാന്താ രാജന്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.
എടത്വാ: ഒരുതുണ്ടു ഭൂമിക്കായി കുടിപ്പക നടക്കുന്ന സമൂഹത്തില്‍ കുടികിടപ്പായി ലഭിച്ച മൂന്ന് സെന്റ് സ്ഥലത്തില്‍ നിന്ന് പാതിഭൂമി പൊതുവഴിക്കായി വിട്ടു നല്‍കി ശാന്തരാജന്‍ മാതൃകയായി. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അംബേദ്കര്‍ ഭവനില്‍ ശാന്ത രാജനാണ് സമൂഹത്തിന് മാതൃകയായത്.
മടത്തിലാഴത്ത് പടി മുതല്‍ കൊത്തപ്പള്ളി പടിവരെ നടപ്പാത മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്കും പതിറ്റാണ്ടുകളായി നടപ്പാത മാത്രമാണ് ആശ്രയം. അത്യാസന്ന രോഗികളെ തോളിലേറ്റി വേണം പ്രധാന പാതയിലെത്തിക്കാന്‍.
ശാന്താ രാജന് കുടികിടപ്പ് കിട്ടിയ മൂന്ന് സെന്റ് സ്ഥലം വഴിക്കായി ചോദിക്കാന്‍ നാട്ടുകാര്‍ മടിച്ചെങ്കിലും പൊതുവഴിക്കുള്ള സ്ഥലം വിട്ടു നല്‍കാന്‍ ശാന്താ രാജന്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. വഴിക്ക് വേണ്ടി ഫലഭൂയിഷ്ഠമായ തെങ്ങുകള്‍, പുളി, വാഴകള്‍ എന്നിവ വെട്ടി മാറ്റി, വഴിയൊരുക്കി. ഇതോടെ മറ്റുള്ളവരും റോഡിനായി സ്ഥലം നല്‍കാന്‍ തയ്യാറായി.
വിധവയായ മകള്‍ ഉള്‍പ്പെടെ രണ്ട് പെണ്‍മക്കളും, കൊച്ചു മക്കളും അടങ്ങിയ കുടുബത്തിലെ അത്താണിയാണ് ശാന്തരാജന്‍. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് പതി ഭൂമി വഴിക്കായി വിട്ടു നല്‍കി ഈ വീട്ടമ്മ മാതൃകയായി തീര്‍ന്നത്. വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്തിന്റെ പരിശ്രമത്തില്‍ തലവടി പഞ്ചായത്തിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് 3 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നത്.
