ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതക കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേയ്ക്ക്. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന് പൊലീസ്. മരിച്ച റിജോഷിന്റെ ഡിഎന്‍എ പരിശോധന ഫലം ലഭിക്കുന്നതോടെ കുറ്റപത്രം സമര്‍പ്പിയ്ക്കാനാവും. ശാന്തന്‍പാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരനായ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും ഫാം ഹൗസ് മാനേജറുമായ ഇരിങ്ങാലക്കുട സ്വദേശി വസീം രണ്ടാം പ്രതി റിജോഷിന്റെ ഭാര്യ ലിജി എന്നിവര്‍ മഹാരാഷ്ട്രയിലെ ജയിലില്‍ റിമാന്‍ഡിലാണ്. റിജോഷിന്റെ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന കേസിലാണ് ഇവര്‍ മുംബൈ പന്‍വേല്‍ ജയില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 10ന് ഇരുവരേയും മുംബെയില്‍ നിന്ന് എത്തിച്ച തെളിവെടുപ്പ് നടത്തിയിരുന്നു. 
    
ഒരുവര്‍ഷം മുന്‍പാണ് റിജോഷും ഭാര്യയും ഫാമില്‍ ജോലിയ്ക്ക് പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലി്ക്കുന്നതിനായിരുന്നു റിജോഷ് ഇവിടെ എത്തിയത്. കൃഷി ജോലികളില്‍ സഹായിക്കുന്നതിനാണ് ലിജിയും എത്തിയത്. നാല് വര്‍ഷം മുന്‍പാണ് ഇരിങ്ങാലക്കുട കുഴികണ്ടത്തില്‍ വസിം മാനേജരായി ഇവിടെ എത്തുന്നത്. വസീമും ലിജിയും തമ്മിലുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതക്കിലേയ്ക്ക് നയിച്ചത്. 

റിജോഷിനെ തീകൊളുത്തി കൊലപെടുത്തിയ ശേഷം സമീപത്തെ കുഴിയില്‍ മൃതദേഹം മൂടുകയായിരുന്നു. ഫാമില്‍ ഉണ്ടായിരുന്ന ഒരുപശുക്കുട്ടി ചത്തതായും താനതിനെ സമീപത്തെ കുഴിയില്‍ മൂടിയെന്നും വസീം ഒരു ജെസിബി ഓപ്പറേറ്ററോട് പറഞ്ഞിരുന്നു. കുഴി മുഴുവനായി മൂടി മണ്ണ് ഉറപ്പിയ്ക്കാന്‍ ഇയാളെ ചുമതലപെടുത്തി. സമീപത്തെ മണ്‍ ഭിത്തി ഇടിച്ചാണ് കുഴി മൂടിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് റിജോഷിനെ കാണാതായത്.  

നവംബര്‍ നാലിന് വസിമിനേയും ലിജിയേയും റിജോഷിന്റെ ഇളയ കുട്ടിയേയും കാണാതായി.     റിജോഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിന് സമീപത്തെ കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിയ നിലയിലായിരുന്നു ശരീരം. 

നാടുവിട്ട വസീമിനേയും ലിജിയേയും നവംബര്‍ ഒന്‍പതിന് പനവേലിലെ ലോഡ്ജ് മുറിയില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ കണ്ടെത്തി. റിജോഷിന്റെ കുഞ്ഞ് ജൊവാന വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. പൊലിസ് കസ്റ്റഡിയില്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയ ഇരുവരുടേയും അറസ്റ്റ് മഹാരാഷ്ട്രയിലേയും കേരളത്തിലേയും പൊലിസ് രേഖപെടുത്തി.
 
നാടിനെ കണ്ണീരിലാഴ്ത്തിയ റിജോഷ്, ജൊവാന കൊലപാതക കേസില്‍ പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തിയത്. ശാസ്ത്രീയ തെളിവുകള്‍, വസിമിന്റെ കുറ്റ സമ്മത വീഡിയോ എന്നിവ കേസില്‍ നിര്‍ണ്ണായകമാണ്. കൊല്ലപ്പെട്ട റിജോഷിന്റെ ഡിഎന്‍എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പ്രതീക്ഷ എന്ന് ശാന്തന്‍പാറ പോലിസ് അറിയിച്ചു.