തിരുവനന്തപുരം: റോബോട്ടുകളുമായി സംവദിച്ച് ശശിതരൂര്‍ എം പി. വിദ്യാഭ്യാസ രംഗത്തെ പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ പങ്കെടുക്കവെയാണ് തരൂര്‍ റോബോട്ടുകളുമായി സംവദിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശവും തരൂരിന്‍റെ ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗവും അങ്ങനെ നിരവധി ചോദ്യങ്ങളുമായാണ് റോബോട്ടുകളെത്തിയത്. ചോദ്യങ്ങള്‍ക്കെല്ലാം ശശിതരൂര്‍ എംപി മറുപടിയും നല്‍കി. വിവിധ സ്ക്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും സംവാദത്തില്‍ പങ്കെടുത്തു. 

വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യയ്ക്കും കൃത്രിമബുദ്ധിയ്ക്കുമുള്ള സാധ്യതകളാണ് പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സെമിനാറിന്‍റെ ഭാഗമായി റോബേട്ടുകളുടെ പ്രദര്‍ശനവും നടന്നു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന റോബേട്ടുകളായിരുന്നു കൂടുതലായി പ്രദര്‍ശനത്തിനെത്തിയത്.