ഇയാളിൽ നിന്ന് 18 ഗ്രാം എൽ എസ് ഡി, 2 ഗ്രാം എം ഡി എം എ, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി
കൊച്ചി: മാരക രാസലഹരിയായ എൽ എസ് ഡി ഷുഗർ ക്യൂബുമായി കൊച്ചിയിൽ ദന്തഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ രഞ്ജു ആന്‍റണിയെയാണ് ത്രിപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ് പിടികൂടിയത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ് പ്രതി. ഇയാളിൽ നിന്ന് 18 ഗ്രാം എൽ എസ് ഡി, 2 ഗ്രാം എം ഡി എം എ, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി. മരട് പേട്ടയിലെ ഫ്ലാറ്റിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ് ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
