നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യമായിരുന്നു ലക്ഷ്യം.

കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവ‍ർത്തനം ആരംഭിക്കാതെ കണ്ണൂർ നഗരസഭയുടെ ഷീ ലോഡ്ജ്. പണി പൂര്‍ത്തിയായ കെട്ടിടം ഇപ്പോഴും നോക്കുകുത്തിയാണ്. ഉദ്ഘാടനം വെറും പ്രഹസനം മാത്രമായിരുന്നുവെന്ന ആക്ഷേപം ഉയർത്തുകയാണ് പ്രതിപക്ഷം.

കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനം. ഫർണിച്ചറിന് 80 ലക്ഷം. ലിഫ്റ്റിന് 29 ലക്ഷം. മൊത്തം ചെലവ് ഒരു കോടിയിലധികം. ഉദ്ഘാടനം ഡിസംബറിൽ കഴിഞ്ഞു. പക്ഷേ നാളിതു വരെ തുറന്നില്ല. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യമായിരുന്നു ലക്ഷ്യം. നാലു നില കെട്ടിടമാണ്. മൂന്നെണ്ണത്തിൽ ഡോർമെറ്ററി സൗകര്യവുമുണ്ട്. ഏറ്റവും മുകളിലെ നിലയിൽ ഫിറ്റ്നസ് സെന്റർ. പണിപൂർത്തിയായിട്ടും തുറന്ന് നൽകാത്തതെന്തെന്ന ചോദ്യത്തിന് കോ‍ർപ്പറേഷന്‍റെ വിശദീകരണം ഇങ്ങനെ.

"കോർപ്പറേഷന് നേരിട്ട് നടത്താനുള്ള പ്രയാസം കൊണ്ട് നടത്തി പരിചയമുള്ള ആളുകളെ ഏല്‍പ്പിക്കും. അതിനായി ടെന്‍ഡർ നടക്കുന്നുണ്ട്. ഉടന്‍ തുറന്ന് കൊടുക്കും. ഇലക്ട്രിസിറ്റി കണക്ഷനുണ്ട്, വാട്ടർ കണക്ഷനുണ്ട്, വേറെ പ്രശ്നമൊന്നുമില്ല"- ഡപ്യൂട്ടി മേയർ അഡ്വ. ഇന്ദിര പി പറഞ്ഞു. 

കോർപ്പറേഷന്‍റെ കീഴിൽ താവക്കരയിൽ ഒരു വനിതാ ലോഡ്ജ് നിലവിൽ പ്രവ‍ർത്തിക്കുന്നുണ്ട്. കാലതാമസമില്ലാതെ ഷീ ലോഡ്ജ് കൂടെ പ്രവ‍ർത്തനം ആരംഭിച്ചാൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ആശ്വാസമാകും.

YouTube video player