Asianet News MalayalamAsianet News Malayalam

ഷഹ്‍ലയ്ക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറിയടക്കമുള്ള കെട്ടിടം ഉടൻ പൊളിക്കും; പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനം

ക്ലാസ് മുറി നിന്നിരുന്ന കെട്ടിടം പൊളിച്ച് രണ്ടുകോടി രൂപ ചെലവിൽ പുതിയകെട്ടിടം നിർമിക്കുന്നതിനായി ഭരണാനുമതി ലഭിച്ചു. 10000 ചതുരശ്ര അടിയിൽ, മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളും 20 ശുചിമുറികളും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ പ്ലാൻ

shehl sherin snake bite death incident school building will be collapsed in soon
Author
Wayanad, First Published Nov 28, 2019, 5:18 PM IST

കൽപ്പറ്റ: സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ഷഹ്‍ല ഷെറിന് പാമ്പ് കടിയേറ്റ ക്ലാസ് മുറിയടക്കമുള്ള കെട്ടിടം ഉടൻ പൊളിക്കും. ക്ലാസ് മുറി നിന്നിരുന്ന കെട്ടിടം പൊളിച്ച് രണ്ടുകോടി രൂപ ചെലവിൽ പുതിയകെട്ടിടം നിർമിക്കുന്നതിനായി ഭരണാനുമതി ലഭിച്ചു. കെട്ടിടം നിർമിക്കാനുള്ള പ്ലാനും വിശദമായ എസ്റ്റിമേറ്റും നഗരസഭാ എൻജിനിയറിങ് വിഭാഗം വിദ്യാഭ്യാസ മന്ത്രിക്കും എൽ.എസ്.ജി.ഡി. ചീഫ് എൻജിനിയർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും തിങ്കളാഴ്ച സമർപ്പിച്ചിരുന്നു.

10000 ചതുരശ്ര അടിയിൽ, മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളും 20 ശുചിമുറികളും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ പ്ലാൻ. സാങ്കേതികാനുമതി ലഭിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും, ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും ആറ് മാസത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാമെന്നും നഗരസഭാ ചെയർമാൻ ടി.എൽ. സാബു പറഞ്ഞു.

ഷഹ്‍ലയുടൈ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സർവജന സ്കൂളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ശുചീകരിച്ചു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിന് പുറത്തും ശുചീകരണം നടത്തി. പുതിയ കെട്ടിടം ഉയരുന്നതോടെ ഭീതിയില്ലാതെ കുട്ടികളെ  സ്കൂളിൽ വിടാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Follow Us:
Download App:
  • android
  • ios