വീട്ടിലെ ബക്കറ്റിലാണ് ഷിജു തനിക്ക് ലഭിച്ച മുട്ടകള്‍ സൂക്ഷിച്ചിരുന്നത്. ഏതാണ്ട് ഒരു മാസം കൊണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി.   


കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ കണ്ണവം പെരുവ കോളനിയിലെ വീട്ടുവളപ്പിൽ നിന്നും മൂര്‍ഖന്‍ പാമ്പിന്‍റെ പതിമൂന്ന് മുട്ടകളാണ് ലഭിച്ചത്. കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം മുട്ടയുടെ സംരക്ഷണം കണ്ണൂരിലെ പ്രസാദ് ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകനും റെസ്‌ക്യൂവെറും ആയ ഷിജു കൊയ്‌യാറ്റിലിനെ ഏല്പിച്ചു. വീട്ടിലെ ബക്കറ്റിലാണ് ഷിജു തനിക്ക് ലഭിച്ച മുട്ടകള്‍ സൂക്ഷിച്ചിരുന്നത്. ഏതാണ്ട് ഒരു മാസം കൊണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി. വിരിഞ്ഞ ഒൻപതു മൂർഖൻ കുഞ്ഞുങ്ങളെ തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണവം വനത്തിലേക്ക് തന്നെ തുറന്ന് വിട്ടു. 

രണ്ടു വയസ്സോടെയാണ് മൂർഖൻ പാമ്പുകൾ ഇണ ചേരാൻ തുടങ്ങുന്നത്. ഒറ്റ മുട്ടയിടലില്‍ പത്തു മുതൽ മുപ്പതു മുട്ടകൾവരെയുണ്ടാകും. ചക്കകുരുവിന്‍റെ ആകൃതിയിൽ പാതി വെളുത്ത നിറത്തിലായിരിക്കും മുട്ടകൾ. എന്നാല്‍, മഞ്ഞ നിറത്തിലുള്ള മുട്ടകൾ വിരിയാറില്ല. മൂര്‍ഖന്‍ പാമ്പിന്‍റെ മുട്ടകൾ സാധാരണഗതിയില്‍ നാൽപ്പത്തിയെട്ടു ദിവസം മുതൽ അറുപത്തിയെട്ട് ദിവസങ്ങൾക്ക് ഉള്ളിലാണ് വിരിയുക. എല്ലാ മുട്ടകളും വിരിയണമെന്നില്ല. മുട്ടയ്ക്കുള്ളില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍, തങ്ങളുടെ പാൽ പല്ലു കൊണ്ട് കുത്തി മുട്ടത്തോട് പൊട്ടിച്ചാണ് പുറത്തിറങ്ങുന്നത്. 

YouTube video player

ഇങ്ങനെ വിരിഞ്ഞിറങ്ങുന്ന മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് പത്തു ദിവസത്തോളം ജീവിക്കാനുള്ള ആഹാരം മുട്ടയ്ക്ക് ഉളിൽ നിന്ന് തന്നെ ലഭിച്ചിരിക്കും. കുഞ്ഞു പാമ്പായതിനാല്‍ വിഷമില്ലെന്ന് കരുതരുത്. മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്കും വിഷമുണ്ട്. എന്നാല്‍ വളരെ കുറഞ്ഞ അളവിലാണെന്ന് മാത്രം. ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കാൻ ഇടയില്ലെങ്കിലും വിഷാംശമുള്ളതിനാല്‍ ആശുപത്രിയിൽ ചികിത്സ തേടണം. ഒറ്റത്തവണ മുട്ട വിരിഞ്ഞ് ഇറങ്ങുന്ന എല്ലാ കുഞ്ഞുങ്ങളും അതിജീവിക്കണമെന്നില്ല. 'അമ്മ പാമ്പ് ഇല്ലാത്തതിനാൽ ഭക്ഷണം തേടൽ ചില കുഞ്ഞുങ്ങൾക്ക് പ്രയാസമാണ്. ചിലത് മറ്റ് ജീവികളുടെ ആഹാരമായി മറുന്നു. 

(പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍)

പറമ്പിൽ നിന്നോ മാളങ്ങളിൽ നിന്നോ പാമ്പിൻ മുട്ടകൾ ലഭിച്ചാൽ അത് നശിപ്പിച്ചു കളയാൻ പാടില്ലെന്നാണ് നിയമം. മൂർഖൻ പാമ്പുകളെ കൊലുന്നതും മുട്ടകൾ നശിപ്പിക്കുന്നതും മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. കണ്ണൂരിലെ മൃഗ സംരക്ഷണ കൂട്ടായ്മ ആണ് പ്രസാദ് ഫാൻസ്‌ അസോസിയേഷൻ. തളാപ്പ് ക്ഷേത്രത്തിലെ പ്രസാദ് എന്ന ആനയെ സംരക്ഷിക്കാൻ തുടങ്ങിവെച്ച മൃഗ കൂട്ടായ്മയിൽ ഇന്ന് പന്ത്രണ്ടോളം കേരളം ഫോറസ്റ്റ് സർട്ടിഫേയ്ഡ് റെസ്‌ക്യൂവെർസ്മാരാണുള്ളത്. ഓരോ മൃഗത്തിനും സ്പെഷ്യലൈസ്ഡായ വളണ്ടിയർമാർ ഉണ്ടെന്നതാണ് പ്രസാദ് ഫാൻസ്‌ അസോസിയേഷന്‍റെ പ്രത്യേകത.