പാലക്കാട്: ഉരുൾപൊട്ടി റോഡ് ഇടിഞ്ഞതോടെ, പുറം ലോകത്തെത്താൻ ഒരു വഴിയുമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് പാലക്കാട് ശിങ്കപ്പാറയിലെ ആദിവാസി കോളനി നിവാസികൾ. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുളള അത്യാവശ്യങ്ങൾക്ക് ഇവര്‍ കാൽനടയായി ഏഴുകിലോമീറ്ററിലേറെ സഞ്ചരിക്കണം. 

ശിരുവാണി അണക്കെട്ടിന് സമീപമാണ് ശിങ്കപ്പാറ മുത്തിക്കുളം കോളനി. ഇവിടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലാതായിട്ട്  ഒരാഴ്ച കഴിഞ്ഞു. അസുഖം വന്നാൽ പോലും, മണ്ണിടിഞ്ഞ് അപകടം പതിയിരിക്കുന്ന പാതയിലൂടെ മണിക്കൂറുകൾ നടന്നുവേണം പുറംലോകത്തെത്താൻ.

മഴ തുടങ്ങിയതോടെ വൈദ്യുതിയും നിലച്ചു. ദിവസങ്ങൾ തളളി നീക്കാനുളള കരുതൽ ഭക്ഷ്യശേഖരം ഇവിടെയുണ്ട്. ഇത് തീരുന്നതോടെ പിന്നീടെന്തെന്നാണ് ഇവരുടെ ചോദ്യം. ആകെയുള്ള ഒരു സമൂഹ അടുക്കള കനത്ത മഴയത്ത് നിലംപൊത്തി.  

35 ആദിവാസി കുടുംബങ്ങളാണ് മുത്തികുളം ഊരിൽ ഉള്ളത്. ഇഞ്ചിക്കുന്ന് ചെക്പോസ്റ്റിൽ നിന്ന് ശിങ്കപ്പാറവരെയുളള പാതയിൽ പത്തിടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. 400 അടി താഴ്ചയിലേക്കാണ് റോഡ് ഇടിഞ്ഞ് വീണത്. ഈ പാത പൂർവ്വസ്ഥിതിയിലാക്കുക വലിയ വെല്ലുവിളിയാണ്. ശിരുവാണി ഡാം പ്രദേശത്തെ വനം, ജലസേചനം, പൊലീസ് ഉദ്യോഗസ്ഥരും ഇതോടൊപ്പം പ്രതിസന്ധിയിലായി. 

എന്നാൽ കോളനിയിൽ ഭക്ഷ്യക്ഷാമം വരുമെന്ന ആശങ്കവേണ്ടെന്ന് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത ദിവസം തന്നെ തലച്ചുമടായി രണ്ടുമാസത്തേക്ക് വേണ്ട സാധനങ്ങൾ ശിങ്കപ്പാറയിലെത്തിക്കുമെന്നും ഐറ്റിഡിപി ഓഫീസർ അറിയിച്ചു.