എടത്വാ: വിമുക്തഭടൻ പച്ചക്കറി കടയിൽ മറന്നുവെച്ച ഒരുലക്ഷം രൂപ തിരികെ ഏൽപ്പിച്ച് കടയുടമ. പുതുക്കരി താഴാമഠം ടി എൻ കുട്ടപ്പൻപിള്ള എടത്വാ ട്രഷറിയിൽ നിന്ന് കൃഷി ആവശ്യത്തിനായി പിൻവലിച്ച ഒരുലക്ഷം രൂപ അടങ്ങിയ ബാഗാണ് എടത്വയിൽ സിഎം വെജിറ്റബിൾ സെന്റർ നടത്തുന്ന കായംകുളം സ്വദേശിയായ ഹാമീദ് ഉടമയ്ക്ക് തിരികെ നൽകി മാതൃക കാട്ടിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പച്ചക്കറി വാങ്ങാൻ വെജിറ്റബിൽ സെന്ററിൽ എത്തിയപ്പോഴാണ് പണം അടങ്ങിയ ബാഗ് കുട്ടപ്പൻപിള്ള കടയിൽവെച്ച് മറന്നത്. പണം നഷ്ടപ്പെട്ടെങ്കിലും എവിടെവെച്ച് നഷ്ടപ്പെട്ടെന്ന വിവരം കുട്ടപ്പൻപിള്ളയ്ക്ക് അറിയില്ലായിരുന്നു.  

കടയിൽ നിന്നുകിട്ടിയ ബാഗിൽ പണം കണ്ടെതിനെ തുടർന്നുള്ള പരിശോധനയിൽ എടത്വാ ട്രഷറിയിൽ നിന്ന് പണം പിൻവലിച്ച രസീത് ഹാമീദിന് ലഭിച്ചു. പണവുമായി ട്രഷറിയിൽ എത്തിയെങ്കിലും കുട്ടപ്പൻപിള്ളയെ ബന്ധപ്പെടാൻ ലാൻഡ് ഫോൺ നമ്പർ മാത്രമാണ് ലഭിച്ചത്. ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും കണക്ഷൻ വിച്ഛേദിച്ചതായി അറിയാൻ സാധിച്ചു.

തുടർന്ന് പണം അടങ്ങിയ ബാഗ് ഹാമീദ് എടത്വാ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കുട്ടപ്പൻപിള്ളയുടെ സമീപവാസികളുമായി ബന്ധപ്പെട്ട് പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു.