ഇടുക്കി: മൂന്നാറിലെ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടം ലേലം ചെയ്യുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കച്ചവടക്കാർ. നിലവിലെ കച്ചവടക്കാരെ ഒഴിവാക്കി മറ്റുള്ളവർക്ക് കെട്ടിടം നൽകുന്ന തീരുമാനം പിൻവലിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

2018 ഡിസംബർ 27 നാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം ഇൻഡസ്ട്രീസ് കമ്പനിയിൽ നിന്നും ഭൂമിയും അനുബന്ധ കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്തത്. സർക്കാരുമായി നിലനിന്നിരുന്ന കരാർ ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. ഡിസംബർ 17ന് കെട്ടിടത്തിന്റെ വാടകതുക പൊതുമരാമത്ത് വകുപ്പിന് നൽകണമെന്ന് ചൂണ്ടിക്കാട്ടി കമ്പനി കച്ചവടക്കാർക്ക് കത്തുനൽകി. എന്നാൽ കച്ചവടം നടത്തുന്നതിന് കെട്ടിവെച്ച കരാർ തുക നൽകുന്നതിന് മലയാളം ഇൻഡസ്ട്രീസ് കമ്പനി തയ്യറായില്ല. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 2019 നവംബർ 30 വരെ കച്ചവടം നടത്തുന്നതിന് കടമുറികൾ പൊതുമരാമത്ത് വകുപ്പ് ഉടമ്പടി പ്രകാരം കൈമാറി. കരാർ അവസാനിക്കുന്നതിന് മുമ്പുതന്നെ അധികൃതർ ടെണ്ടർ നടപടികൾ സ്വീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം.

കെട്ടിടത്തിൽ ബാങ്കുൾപ്പെടെ 24 ചെറുകിട സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 47 ലക്ഷം രൂപയോളം സ്വകാര്യ കബനി ഇവർക്ക് നൽകാനുമുണ്ട്. ഇതിൽ ബാങ്കിനെ ഒഴിവാക്കി മറ്റു സ്ഥാപനങ്ങൾ ഒഴിയണമെന്നാണ് അധികൃതർ പറയുന്നത്. സർവ്വെ നംബർ 62/3 B ഉൾപ്പെട്ട ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിന് നിലവിൽ പട്ടയമില്ലെന്നുള്ളതാണ് വാസ്തവം. പഞ്ചായത്ത് രേഖകളിൽ സർവെ നമ്പർ, സ്ഥാപനം നടത്തുന്ന വിവരങ്ങൾ, കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല എന്നിവ രേഖപ്പെടുത്തിയിട്ടുമില്ല. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് സബ് കളക്ടറിന്റെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന ടെണ്ടർ നടപടികൾ തടയുമെന്നാണ് വ്യാപാരികൾ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഏകപക്ഷീയമായ നടപടികൾ ചോദ്യം ചെയ്ത് വ്യാപാരികൾ കോടതിയെ സമീപിക്കുകയും ചെയ്തു.