ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട ലേലം രണ്ടാംദിവസവും മുടങ്ങി. നിലവിലെ വാടകകാര്‍ക്ക് കച്ചവടം നടത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് മുന്‍.എം.എല്‍.എ എ.കെ മണിയുടെ നേത്യത്വത്തില്‍ നടത്തിയ പ്രതിഷേധമാണ് വെള്ളിയാഴ്ച ടെണ്ടര്‍ നടപടികള്‍ തടസപ്പെടാന്‍ കാരണം. രണ്ടാംദിനവും ടെണ്ടര്‍ നടപടികള്‍ തടസ്സപ്പെട്ടതോടെ ഇ-ടെണ്ടര്‍ നല്‍കുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി.കെ രമ പറഞ്ഞു. 

രാവിലെ 10 മണിയോടെയാണ് മൂന്നാര്‍ പൊതുമാമത്ത് വകുപ്പിന്റെ കെട്ടിടത്തില്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. ഇതോടെ പുറത്തുനിന്നും ആരെയും ടെണ്ടറില്‍ പങ്കെടുക്കുവാന്‍ അനുവധിക്കില്ലെന്ന നിലപാടുമായി നിലവിലെ കച്ചവടക്കാര്‍ രംഗത്തെത്തി. പത്രപരസ്യം നല്‍കി നാട്ടുകാരുടെ പങ്കാളിത്തതോടെ ടെണ്ടര്‍ നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ നിലവിലെ കച്ചവടക്കാര്‍ക്ക് കെട്ടിടം നല്‍കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.

പ്രതിഷേധം ശക്തമായതോടെ ടെണ്ടര്‍ നടപടികള്‍ മാറ്റിവെയ്ക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചനിയര്‍ പി.കെ രമ അറിയിച്ചു. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇ-ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കും. വ്യാഴാഴ്ച കെട്ടിട ലേലം സംബന്ധിച്ച് അന്തമ തീരുമാനം കൈകൊള്ളുമെന്നാണ് വിവരം.