കല്‍പ്പറ്റ: ജലനിരപ്പ് ഉയരുന്നതിനാല്‍ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. ഇന്ന് ഉച്ചക്ക് രണ്ട് മണി, മൂന്ന്, മൂന്നര എന്നീ സമയങ്ങളില്‍ 15 സെന്റിമീറ്റര്‍ വീതം ഷട്ടര്‍ ഉയര്‍ത്തി ആകെ 45 സെന്റിമീറ്റര്‍ കൂടി അധികമായാണ് ഉയര്‍ത്തുക. 

നിലവില്‍ 45 സെന്റീമീറ്റര്‍ തുറന്ന് സെക്കന്റിൽ 37.50 ക്യൂബിക്സ് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇത് ആകെ 90 സെന്റീമീറ്റര്‍ ആക്കുന്നതോടെ പുറത്തു വിടുന്ന ജലം സെക്കന്റിൽ 75 ക്യൂബിക്സ് മീറ്റര്‍ ആയി വര്‍ധിക്കും. പുഴകളില്‍ ജലനിരപ്പ് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും 60 സെന്റിമീറ്റര്‍ കൂടി വര്‍ധിക്കുന്നതായിരിക്കും. ഈ സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള കരമാന്‍ തോട്, പനമരം പുഴ എന്നിവയുടെ ഇരുകരകളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി.