മുതലാളിമാർക്ക് ചീറി പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവ്വേ കുറ്റി കുത്തിയിറക്കുകയാണെന്നും അവർ പറഞ്ഞു. സമരങ്ങളിലൂടെ വളർന്ന് വന്ന പാർട്ടി ഭരിക്കുന്ന സർക്കാർ ഇപ്പോൾ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്.
തൃശൂർ: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെതിരെ കടുത്ത വിമർശനവുമായി കെ കെ രമ എംഎൽഎ. കമ്മീഷൻ അടിച്ചു മാറ്റാനുള്ള ചതിപ്പാതയാണ് കെ റെയിൽ പദ്ധതിയെന്ന് കെ കെ രമ തുറന്നടിച്ചു. മുതലാളിമാർക്ക് ചീറി പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവ്വേ കുറ്റി കുത്തിയിറക്കുകയാണെന്നും അവർ പറഞ്ഞു. സമരങ്ങളിലൂടെ വളർന്ന് വന്ന പാർട്ടി ഭരിക്കുന്ന സർക്കാർ ഇപ്പോൾ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. പദ്ധതിയെ കുറിച്ച് പൗരന്മാർക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നത്.
നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെയുള്ള സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്നും അവർ പറഞ്ഞു. ആർഎംപി, ആം ആദ്മി പാർട്ടി അടക്കമുള്ള പാർട്ടികളുടെ നേതൃത്വത്തിലാണ് ജില്ലയിൽ സമര സമിതി രൂപീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടകളുടെ തീരുമാനം. കെ റെയില്‍ പദ്ധതിക്കെതിരെ താഴേത്തട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.
മധ്യകേരളത്തിലെ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കണ്‍വെന്‍ഷനാണ് തീരുമാനം എടുത്തത്. സമരത്തിന്‍റെ അടുത്ത ഘട്ടം എങ്ങനെ വേണം, ഏതൊക്കെ തരത്തിലുള്ള പ്രചാരണങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോൺഗ്രസ് കൊച്ചിയില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചത്.
മധ്യകേരളത്തിലെ മണ്ഡലം പ്രസിഡന്‍റുമാര്‍ മുതൽ ഡിസിസി പ്രസിഡന്റ് വരെയുള്ള ഭാരവാഹികളാണ് കൺവെന്‍ഷനില്‍ പങ്കെടുത്തത്. കെ റെയില്‍ പദ്ധതിക്കെതിരെ താഴെത്തട്ടില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക, പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്‌നേഹികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുമായി സംവാദങ്ങള്‍ സംഘടിപ്പിക്കുക, പദ്ധതിയുടെ ദുരന്ത ഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുക, വിദഗ്ദരെയും ഇതിനായി രംഗത്തിറക്കാനും കൺവെൻഷനിൽ തീരുമാനിച്ചതായി യോഗ ശേഷം കെപിസിസി പ്രസിഡന‍്റ് കെ സുധാകരന്‍ പറഞ്ഞു.
സിപിഎം - ബിജെപി അവിശുദ്ധ ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണ് കെ റെയില്‍ പദ്ധതിയെന്ന് കണ്‍വെന്‍ഷന്‍ ആരോപിച്ചു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്ന് റെയില്‍വേ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും കോണ്‍ഗ്രസ് പറയുന്നു.
