Asianet News MalayalamAsianet News Malayalam

തന്റെ സംഗീതം പോലെ, സ്വന്തം ജീവനും പകുത്തുനൽകി അനശ്വരയായി ശ്രീകല യാത്രയായി

 ശുദ്ധസംഗീതം പോലെ തെളിമയാര്‍ന്നതായിരുന്നു ശ്രീകലയുടെ ജീവിതവും. ഭര്‍ത്താവും മകളുമടങ്ങുന്ന ആ കലാകുടുംബത്തിലെ ഒരു നാദവിസ്മയമായിരുന്നു ശ്രീകല. ഡാന്‍സ് മാസ്റ്ററായ ഭര്‍ത്താവ് അനില്‍കുമാറിനും നര്‍ത്തകിയായ മകള്‍ ശ്രീലക്ഷ്മിക്കുമൊപ്പം ജീവിതം ആനന്ദഗീതം പോലെ ഒഴുകുകയായിരുന്നു

Singer Sreekalas organs were donated into some lives
Author
Kerala, First Published May 1, 2021, 5:42 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ശുദ്ധസംഗീതം പോലെ തെളിമയാര്‍ന്നതായിരുന്നു ശ്രീകലയുടെ ജീവിതവും. ഭര്‍ത്താവും മകളുമടങ്ങുന്ന ആ കലാകുടുംബത്തിലെ ഒരു നാദവിസ്മയമായിരുന്നു ശ്രീകല. ഡാന്‍സ് മാസ്റ്ററായ ഭര്‍ത്താവ് അനില്‍കുമാറിനും നര്‍ത്തകിയായ മകള്‍ ശ്രീലക്ഷ്മിക്കുമൊപ്പം ജീവിതം ആനന്ദഗീതം പോലെ ഒഴുകുകയായിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ  ആ നാദം നിലച്ചത് അപ്രതീക്ഷിതമായിരുന്നു. 

അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഡാന്‍സ് സ്കൂളിന്‍റെ പ്രവര്‍ത്തനത്തിലും സജീവ സാന്നിദ്ധ്യമായ ശ്രീകല ഏഷ്യാനെറ്റിലെ  ജനപ്രിയ പരിപാടിയായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗറിലും താരമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്നാണ് തിരുമല ആറാമട പ്ലാവിള കോട്ടുകോണം ജെ ആര്‍ എ 841 ശ്രീലകത്തില്‍ ഒ ശ്രീകലയെ (54) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 

ശ്രീകലയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ന്യൂറോളജി വിഭാഗത്തിലെ ഡോ ഷാനവാസിന്‍റെ നേതൃത്വത്തില്‍ പരമാവധി ശ്രമം നടത്തി. എന്നാല്‍ ആ ശ്രമങ്ങളെല്ലാം വിഫലമായി. വ്യാഴാഴ്ച വൈകിട്ടോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ആ പ്രതിഭയുടെ അവയവങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാല്‍ ജീവിക്കുന്ന ആര്‍ക്കെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ അതിനു തങ്ങള്‍ തയ്യാറാണെന്ന് ഭര്‍ത്താവ്  ചികിത്സിച്ച ഡോക്ടറെ അറിയിച്ചു. 

കുടുംബാംഗങ്ങളുടെ ആഗ്രഹം ഡോ ഷാനവാസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് പ്രൊക്യുവര്‍മെന്‍റ് മാനേജര്‍ ഡോ മുരളീധരനെ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ കേരളാ നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ (മൃതസഞ്ജീവനി)യുടെ സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. 

പ്രോജക്ട് മാനേജര്‍ ശരണ്യശശിധരന്‍ അവയവ വിന്യാസം ഏകോപിപ്പിച്ചു. വൃക്കകളും നേത്രപടലവുമാണ് ദാനം ചെയ്തത്.  കിംസ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിലെ ഡോ. രേണുവിൻ്റെ നേതൃത്വത്തിലാണ് ശ്രീകലയ്ക്ക്  ശസ്ത്രക്രിയ നടത്തി വൃക്കകൾ പുറത്തെടുത്തത്. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തന്നെ രോഗിക്കാണ് പകുത്തു നൽകിയത്.

 യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ഒരു വൃക്ക കിംസ് ആശുപത്രിയിലെ തന്നെ ഒരു രോഗിക്ക് നൽകി.  നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് ആര്‍ എം ഒയും അഡീഷണല്‍ പ്രൊഫസറുമായ ഡോ ചിത്രാരാഘവന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Follow Us:
Download App:
  • android
  • ios