Asianet News MalayalamAsianet News Malayalam

‌കോഴിക്കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൂടി കൊവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധ

ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 58 ആയി. ഇവരില്‍ 25 പേര്‍ രോഗമുക്തരായതിനാല്‍ ഇപ്പോള്‍ 33 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 

six more people affected coronavirus positive cases in kozhikode
Author
Kozhikode, First Published May 28, 2020, 6:28 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.

33 വയസ്സുള്ള ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിയാണ് ആദ്യ ആള്‍. ഇദ്ദേഹം മെയ് 19 ന് റിയാദിൽ നിന്നും കരിപ്പൂരിലെത്തുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 27ന് സ്രവ പരിശോധന നടത്തുകയും രോ​ഗം സ്ഥിരീകരിക്കുകയുമായിരുന്നു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേയ്ക്ക് മാറ്റി. 

30 വയസ്സുള്ള തൂണേരി സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മത്സ്യമൊത്ത വ്യാപാരിയാണ്. മെയ് 25 ന് കണ്ണൂരില്‍ പോസിറ്റീവായ കേസിന്റെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള വ്യക്തിയാണ്. മെയ് 26ന് സ്രവപരിശോധന നടത്തുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

31 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി.  ഇദ്ദേഹം മെയ് 14 ന് ട്രാവലറില്‍ ചെന്നെയില്‍ നിന്നും യാത്ര തുടങ്ങി 15 ന് കോഴിക്കോട്ടെത്തി.  വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

32 വയസ്സുള്ള കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ് നാലാമത്തെ ആള്‍. ഇദ്ദേഹം ചെന്നെയില്‍ നിന്നും മെയ് 14 ന് സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്ത് കൊയിലാണ്ടിയില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.  

37 വയസ്സുള്ള വളയം സ്വദേശിയാണ് അഞ്ചാമത്തെ വ്യക്തി.  ഇദ്ദേഹം ഗുജറാത്തില്‍ നിന്നും മിനി ബസ്സില്‍ യാത്ര ചെയ്ത് മെയ് 24 ന് രാത്രി തലശ്ശേരിയിലെത്തുകയും അവിടുന്ന് ആംബുലന്‍സില്‍ വളയം കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.  

47 വയസ്സുള്ള പയ്യോളി അങ്ങാടി, തുറയൂര്‍ സ്വദേശിയാണ് ആറാമത്തെ വ്യക്തി. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നും മെയ് 27 ന് കരിപ്പൂരിലെത്തുകയും ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ 6 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 

ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 58 ആയി. ഇവരില്‍ 25 പേര്‍ രോഗമുക്തരായതിനാല്‍ ഇപ്പോള്‍ 33 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.  ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍  കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും  ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്ന് 201 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4304 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4132 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4064 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 172 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Follow Us:
Download App:
  • android
  • ios