Asianet News Malayalam

ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, ഭക്ഷണമില്ല; തകര ഷെഡുകളിൽ ദുരിത ജീവിതവുമായി 16 കുടുംബങ്ങള്‍

മൂന്ന് നേരം കഴിക്കാനുളളത് ഒരു നേരമാക്കി ചുരുക്കിയാണ് ഇവർ ജീവീതം കഴിച്ച് കൂട്ടുന്നത്. വാടകയ്ക്ക് മറ്റിടങ്ങളിൽ കഴിഞ്ഞ ഇവർക്ക് വാടക പണം കൊടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഈ മിച്ചഭൂമിയിൽ ഷെഡുകൾ കെട്ടി താമസിക്കുന്നത്. 

sixteen homeless families suffer in rain at kovalam
Author
Kovalam, First Published Jun 14, 2021, 5:41 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കോവളത്തെ തോപ്പിൽ പുരയിടത്തിലെ തകരഷെഡുകളിൽ കഴിയുന്ന 16 കുടുംബങ്ങളുടെ ജീവിതം കടുത്ത ദുരിതത്തിൽ. മീൻപിടിത്തം നടത്തിയും കൂലിപ്പണിയും വീടുകളിൽ വേലയെടുത്തും കഴിയുന്ന ഈ കുടുംബങ്ങളെ തിരിഞ്ഞ് നോക്കാനാരുമില്ല.  കുന്നിൻ ചെരുവിലെ ഇറക്കത്തിലെ കുറ്റിക്കാട്ടിൽ ഇഴജന്തുക്കൾ വിഹരിക്കുന്നിടത്താണ് ഈ കുടുംബങ്ങൾ കഴിയുന്നത്. തകരഷെഡുകൾ മറയാക്കിയും ടാർപോളീൻ ഷീറ്റുകൾ പൊതിഞ്ഞ് കെട്ടിയ മേൽക്കൂരകളിലുമായി കഴിയുന്ന ഇവർക്ക് പുറം ലോകവുമായി വലിയ ബന്ധമില്ല.

സ്വന്തമായി ഭൂമിയില്ലാത്ത ഇവർ തോപ്പിൽ പുരയിടത്തിലെ സർക്കാർ മിച്ചഭൂമിയിലാണ് തകരത്തിലുളള കുടിലുളള കെട്ടി താമസിക്കുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്ത് ഈ ഷെഡുകളിൽ വർഷങ്ങളായി താമസിക്കുകയാണ് വിധവകളും രോഗികളുമായ വയോധികർ.  മരുന്ന് വാങ്ങാനോ മറ്റ് ചികിത്സകളോ നടത്താനോ നിർവ്വാഹമില്ല. മക്കളുടെ തുടർ പഠനത്തിനുളള വഴികളൊരുക്കാനുളള പണവുമില്ല. 

മൂന്ന് നേരം കഴിക്കാനുളളത് ഒരു നേരമാക്കി ചുരുക്കിയാണ് ഇവർ ജീവീതം കഴിച്ച് കൂട്ടുന്നത്. വാടകയ്ക്ക് മറ്റിടങ്ങളിൽ കഴിഞ്ഞ ഇവർക്ക് വാടക പണം കൊടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഈ മിച്ചഭൂമിയിൽ ഷെഡുകൾ കെട്ടി താമസിക്കുന്നത്. തുണികളും തകരവും കെട്ടിമറച്ചാണ് കഴിയുന്നത്. ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതോടെ ഈ കുടുംബങ്ങൾ കൊടും ദാരിദ്ര്യത്തിന്റെ വക്കിലായി. ആകെ കിട്ടുന്ന റേഷൻ കിറ്റുകൾകൊണ്ടാണ് ദിവസങ്ങൾ തളളിനീക്കുന്നത്.

വിദ്യാർഥികളും പറക്കമുറ്റാത്ത മക്കളെയും പോറ്റാൻ ഇവർക്കാവുന്നില്ല. പ്ലസ്ടു,എസ്.എസ്.എൽ.സി.മറ്റ് ചെറിയ ക്ലാസുകളിൽ പഠിക്കുന്ന ഇവർക്ക് പഠനത്തിനുളള സൗകര്യമില്ല. ഒരു പഴയ ടെലിവിഷൻ പോലും ഇവർക്കില്ല. ലോകത്ത് നടക്കുന്ന കാര്യങ്ങൾപോലും ഇവർക്കറിയില്ല. തകരഷെഡുകളിലെ ജീവിതങ്ങളായതിനാൽ സമൂഹത്തിലെ മറ്റുളളവരും തിരിഞ്ഞ് നോക്കാറില്ല. ഇക്കാരണത്താൽ ഇവർ ഉളള ആഹാരത്തെ കൊക്കിലൊതുക്കി ജീവിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇവർ പട്ടിണിയിലാണ്. തങ്ങളുടെ ജീവിതം സമൂഹത്തിനൊപ്പം ഉയർത്താൻ സർക്കാർ ശ്രമിക്കുമെന്ന് ഇവർ കരുതുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios