മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ ചെങ്ങന്നൂർ കല്ലിശേരി റെയിൽവേ പാലത്തിന് സമീപം പമ്പാനദിയിൽ മീൻ പിടിക്കുകയായിരുന്ന യുവാക്കളുടെ ചൂണ്ടയിലാണ് ചാക്കുകെട്ട് കുടുങ്ങിയത്. തുറന്ന് പരിശോധിച്ചപ്പോൾ യുവാക്കൾ ഞെട്ടി. മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും പൂജാസാമഗ്രികളുമായിരുന്നു ചാക്കിൽ. വിവരം അറിയിച്ചതിന് പിന്നാലെ ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അസ്ഥികൂട അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ദഹിപ്പിച്ച മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ പൂജാസാധനങ്ങൾക്കൊപ്പം ആറ്റിൽ ഒഴുക്കിയതാകുമെന്നാണ് പ്രാഥമിക നിഗമനം.
മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്ഥികൂടാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കും. ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളു എന്ന് പൊലീസ് അറിയിച്ചു.

