എല്ലാ  പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടയാണ് ഇടാറുള്ളത്. വീട്ടാവശ്യത്തിന് വളര്‍ത്തുന്ന അഞ്ച് കോഴികളില്‍ ഒരു കോഴിയാണ് ഇപ്പോള്‍ ഈ രീതിയില്‍ കുഞ്ഞന്‍ മുട്ടയിടുന്നതെന്ന് സമദ് പറഞ്ഞു

തിരൂരങ്ങാടി: മുന്തിരി വലിപ്പത്തിലുള്ള കോഴിമുട്ടകളാണ് (EGG) മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പുകയൂര്‍ അങ്ങാടിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പുതിയപറമ്പന്‍ വീട്ടില്‍ സമദിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് കുഞ്ഞന്‍ കോഴിമുട്ടകള്‍ ഇടുന്നത്. അഞ്ച് വര്‍ഷത്തോളമായി സമദിന്റെ വീട്ടില്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. എല്ലാ പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടയാണ് ഇടാറുള്ളത്. വീട്ടാവശ്യത്തിന് വളര്‍ത്തുന്ന അഞ്ച് കോഴികളില്‍ ഒരു കോഴിയാണ് ഇപ്പോള്‍ ഈ രീതിയില്‍ കുഞ്ഞന്‍ മുട്ടയിടുന്നതെന്ന് സമദ് പറഞ്ഞു.

കോഴി ഒമ്പത് മുട്ടകള്‍ ഇട്ടെങ്കിലും നാല് മുട്ടകള്‍ കാക്കകൾ നശിപ്പിച്ചു. അഞ്ചെണ്ണം വീട്ടുടമ സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. കോഴികള്‍ക്ക് വീട്ടിലെ സാധാരണ ഭക്ഷണമാണ് നല്‍കുന്നതെന്നും വലിപ്പ കുറവിന്റെ കാരണമറിയില്ലെന്നും സമദ് പുകയൂര്‍ പറയുന്നു. കിട്ടിയ കുഞ്ഞന്‍ കോഴിമുട്ടകളെ കാണാന്‍ നിരവധി പേരാണ് സമദിന്റെ വീട്ടിലെത്തുന്നത്. സോഷ്യല്‍ മീഡിയകളിലും കുഞ്ഞന്‍ കോഴിമുട്ടകള്‍ ഇതിനകം താരമായി കഴിഞ്ഞിട്ടുണ്ട്.

പൊലീസിന്‍റെ മൂക്കിന്‍ തുമ്പത്ത് മോഷണം; തൊണ്ടി വാഹനങ്ങള്‍ പൊളിച്ച് കടത്തിയ 5 പേര്‍ പിടിയില്‍

പൊലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍ (21), മുരുകന്‍(42), ചിതമ്പരന്‍ (23), കരുമ്പില്‍ കൂര്‍മത്ത് മുഹമ്മദ് ശാഫി(40), വേങ്ങര മരുത്തോടിക മുജീബുര്‍റഹ്മാന്‍(55) എന്നിവരാണ് പിടിയിലായത്.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നാണ് പ്രതികള്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചത്. എസ് ഐ മുരളീധരപ്പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മൂക്കിന് താഴെ നടന്ന മോഷണം പൊലീസ് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. സ്റ്റേഷന് സമീപത്ത് സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുര്‍ന്നാണ് പൊലീസ് പ്രതികളെ പൊക്കിയത്.