വെള്ളത്തിനും വൈദ്യുതിക്കും വഴിയില്ലാതെ കരാര്‍, പണി തീര്‍ന്നിട്ടും നോക്കുകുത്തിയായി ഈ സ്മാർട്ട് വില്ലേജ് ഓഫീസ്
എല്ലാ പണിയും കഴിഞ്ഞ പുത്തൻ കെട്ടിടം അരികത്തുണ്ടായിട്ടും അതിലിരുന്ന് പണിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഇനിയും യോഗമില്ല
കൊട്ടിയൂര്‍: വെള്ളത്തിനോ വൈദ്യുതി എത്തിക്കാനോ സംവിധാനം കാണാതെ പണിത കെട്ടിടത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പ്രവര്‍ത്തന രഹിതം. കണ്ണൂർ കൊട്ടിയൂരിലാണ് പൊളിഞ്ഞു തുടങ്ങിയ പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് സ്മാർട്ട് വില്ലേജ് ഓഫീസുള്ളത്. എല്ലാ പണിയും കഴിഞ്ഞ പുത്തൻ കെട്ടിടം അരികത്തുണ്ടായിട്ടും അതിലിരുന്ന് പണിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഇനിയും യോഗമില്ല. 45ലക്ഷത്തോളം രൂപ ചെലവിലാണ് പദ്ധതി ഇവിടെ വന്നതെന്ന് കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫിലോമിന പറയുന്നു.
കരാറില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടേയും കാര്യം പറയാതെ പോയതാണ് പണിയായത്. ബുദ്ധിമുട്ട് റവന്യുമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്. സ്വിച്ചിടാം പക്ഷേ ലൈറ്റ് കത്തില്ല. പൈപ്പുണ്ട്, ടാങ്കുണ്ട്, പക്ഷേ വെളളം വരില്ല. അകത്ത് ഫാനുണ്ട്, വലിയ മുറിയുണ്ട്, ക്യാബിനുണ്ട്, ടോയ്‍ലെറ്റുണ്ട് പക്ഷേ ഇതൊന്നും ഉപയോഗിക്കാനാവില്ല. കഴിഞ്ഞ എട്ട് മാസമായി ഇതിങ്ങനെ കിടപ്പാണ്. കാടുകയറി തുടങ്ങി. വൈദ്യുതിത്തൂണിടാൻ 1,21,794 രൂപ അനുവദിക്കാൻ വില്ലേജ് ഓഫീസർ മുകളിലേക്ക് കത്തയച്ചിട്ട് തന്നെ മൂന്ന് മാസം കഴിഞ്ഞു. എന്നിട്ടും കാര്യങ്ങള്‍ക്ക് നീക്ക് പോക്ക് ആയിട്ടില്ല.
ജനങ്ങളില്‍ നിന്ന് നികുതി വാങ്ങുന്നതല്ലേ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേയെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ചോദിക്കുന്നത്. പ്ലാനിങ് ഓവർ സ്മാർട്ടായിപ്പോയതിന്‍റെ മെച്ചത്തില്‍ പണിമുടക്കി നില്‍ക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസില്‍ നിന്നാല്‍ പഴയ വില്ലേജ് ഓഫീസ് നോക്കിയാൽ കാണാം. മുപ്പത് കൊല്ലം പഴക്കമുള്ള ഈ കെട്ടിടം പൊളിഞ്ഞുതുടങ്ങി. സ്മാർട്ട് വില്ലേജിന്റെ ഉദ്ഘാടനഫലകം മറയ്ക്കാനുളള സ്റ്റാന്‍റ് മാത്രമാണ് ഈ കെട്ടിടത്തില്‍ പുതിയതായി ഉള്ളത്. ഇനിയും പുതിയ കെട്ടിടത്തിലേക്ക് വെള്ളവും വൈദ്യുതി എത്തിച്ചില്ലെങ്കില്‍ ഏറെ വൈകാതെ കെട്ടിടത്തിലെ അറ്റകുറ്റ പണികള്‍ക്കായി പുതിയ ഫണ്ട് കണ്ടെത്തേണ്ടി വരും സര്‍ക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം