വനപാലകരെ വിവരമറിയിച്ചെങ്കിലും പെരുമ്പാമ്പ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് തൊഴിലാളികള്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചത്. 10 അടിയിലെറെ നീളമുള്ള പാമ്പിനെ ചാക്കിലാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അറുപത്തൊന്നുകാരനായ തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റിയത്. 

തിരുവനന്തപുരം: ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ തൊഴിലുറപ്പ് പണിക്കാരന്‍റെ കഴുത്തില്‍ചുറ്റി പെരുമ്പാമ്പ്. നെയ്യാര്‍ ഡാം കിക്മ കോളേജ് പരിസരം കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇന്നലെയാണ് സംഭവം. പെരുകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്.

പകല്‍ പതിനൊന്ന് മണിയോടെ കാട് മൂടിക്കിടന്ന സ്ഥലം വെട്ടിത്തെളിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനപാലകരെ വിവരമറിയിച്ചെങ്കിലും പെരുമ്പാമ്പ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് തൊഴിലാളികള്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചത്. 10 അടിയിലെറെ നീളമുള്ള പാമ്പിനെ ചാക്കിലാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അറുപത്തൊന്നുകാരനായ തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റിയത്. 

പാമ്പിന്‍റെ മധ്യ ഭാഗം പിടിച്ചിരിക്കുകയായിരുന്ന ഭുവനചന്ദ്രന്‍ നായരുടെ പിടിവിട്ടതോടെയാണ് വാല്‍ ഭാഗം ഉപയോഗിച്ച് കഴുത്തില്‍ ചുറ്റിയത്. ഭയന്നെങ്കിലും ആളുകള്‍ സമനില കൈവിടാതെ പെരുമാറിയത് വലിയ അപകടമൊഴിവാക്കുകയായിരുന്നു. കഴുത്തില്‍ പാമ്പ് ചുറ്റിവരിഞ്ഞ് പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പെരുമ്പാമ്പിനെ ഭുവനചന്ദ്രൻനായരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി