Asianet News MalayalamAsianet News Malayalam

വ്യാജകള്ളുമായി എസ്എൻഡിപി നേതാവ് പിടിയിൽ

യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനാണ് പിടിയിലായത്. 744 ലിറ്റര്‍ വ്യാജകള്ള് പിടിച്ചെടുത്തു.

sndp leader arrested for illicit toddy making
Author
Kozhikode, First Published Nov 15, 2019, 9:23 PM IST

കോഴിക്കോട്: കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജകള്ളുമായി എസ്എന്‍ഡിപി യോഗം നേതാവ് പിടിയില്‍. യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് സമീപത്തെ ഷെഡില്‍നിന്ന് വ്യാജകള്ളും കളള് നിര്‍മാണത്തിനുള്ള പഞ്ചസാര ലായനിയും എക്സൈസ് പിടിച്ചെടുത്തു.

കാരന്തൂര്‍ കൊളായിത്താഴത്തെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു അശോകന്‍റെ വ്യാജക്കള്ള് നിര്‍മാണം. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഇന്ന് പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 744 ലിറ്റര്‍ വ്യാജകള്ള് പിടിച്ചെടുത്തു. ഔട്ട്ഹൗസില്‍ നിന്നും രണ്ട് ബൊലേറോ ജീപ്പുകളില്‍ നിന്നുമാണ് വ്യാജകള്ള് പിടികൂടിയത്. കള്ളുണ്ടാക്കാന്‍ സംഭരിച്ച 300 ലിറ്റര്‍ പഞ്ചസാര ലായനിയും 10 കിലോ പഞ്ചസാരയും പിടിച്ചെടുത്തു. ഇത്രയധികം വ്യാജകള്ള് കോഴിക്കോട് നിന്ന് പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്.

എസ്എന്‍ഡിപി സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ അശോകന് കോഴിക്കോട് റേഞ്ചിൽ രണ്ട് വര്‍ഷം മുന്‍പ് കള്ളുഷാപ്പ് ലൈസന്‍സ് ഉണ്ടായിരുന്നു. കളളില്‍ മായം ചേര്‍ത്തതിന് ഇയാളുടെ പേരില്‍ അന്ന് എക്സൈസ് കേസും എടുത്തിരുന്നു. ലൈസന്‍സ് റദ്ദായ ശേഷമാണ് ഇയാള്‍ വ്യാജകളള് നിര്‍മാണം തുടങ്ങിയതെന്നാണ് സൂചന. വ്യാജമദ്യം ഇയാള്‍ വില്‍പന നടത്തിയിരുന്നത് എവിടെയെന്നതടക്കമുളള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് വകുപ്പ് അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios