ഇളയ മകന്  ചെറുപ്പം മുതലേ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 43 വയസ്സുള്ള ഈ മകനെ സംരക്ഷിക്കാനും പരിചരിക്കാനും അമ്മിണി എന്ന വൃദ്ധമാതാവിന് പ്രായാധിക്യത്താൽ സാധിക്കാതെ വന്നപ്പോൾ മകന്റെ ചികിത്സയും മുടങ്ങി.

തൃശൂർ: തൃശൂർ മുകുന്ദപുരം താലൂക്കിൽ അവശത അനുഭവിച്ചിരുന്ന വൃദ്ധമാതാവിന്റെയും മാനസിക ആസ്വാസ്ഥ്യമുള്ള മകന്റെയും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി സാമൂഹ്യനീതി വകുപ്പ്. മന്ത്രി ആർ ബിന്ദുവുവിന്‍റെ ഇടപെടലിലാണ് വയോധികയ്ക്കും മകനും സംരക്ഷണമൊരുങ്ങിയത്. 84 വയസുള്ള താഴത്തുപറമ്പിൽ അമ്മിണി എന്ന വയോധികയുടെയും മകന്റെയും ദുരവസ്ഥ സാമൂഹ്യപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്. പിന്നാലെ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദേശം നൽകിയിരുന്നു.

പുല്ലൂർ വില്ലേജിൽ സ്ഥിരതാമസക്കാരിയായ താഴത്തുപറമ്പിൽ വീട്ടിലെ അമ്മിണിയും (85) മാനസിക ആസ്വാസ്ഥ്യമുള്ള മകനും ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. അമ്മിണിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടു. ഈ ദമ്പതികൾക്ക് മൂന്നു മക്കൾ ആണ്‌ ഉണ്ടായിരുന്നത്.അതിൽ മകൻ ഒരു അപകടത്തിൽപ്പെട്ടും മകൾ അസുഖം മൂലവും മരണപ്പെട്ടു. ഇളയ മകന് ചെറുപ്പം മുതലേ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 43 വയസ്സുള്ള ഈ മകനെ സംരക്ഷിക്കാനും പരിചരിക്കാനും അമ്മിണി എന്ന വൃദ്ധമാതാവിന് പ്രായാധിക്യത്താൽ സാധിക്കാതെ വന്നപ്പോൾ മകന്റെ ചികിത്സയും മുടങ്ങി. അമ്മിണിയുടെ ഇടതു കാലിന്റെ കാല്പത്തി പ്രമേഹം മൂലം മുറിച്ചു നീക്കിയിട്ടുണ്ട്. അതിനാൽ നടക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. 

ഇന്ന് അവരുടെ വീട്ടിൽ സന്ദർശനം നടത്തി അമ്മിണിയെ ഇരിങ്ങാലക്കുട ശാന്തിസദനം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും മകനെ വേണ്ടുന്ന ചികിത്സക്കായി തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭ്യമാക്കി മകനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. 

Read More :  മുൻപരിചയമില്ല, ആദ്യം കാണുന്നയാൾ, കോട്ടയത്ത് പൊലീസുകാരന്‍റെ ജീവനെടുത്തത് ലഹരിക്കടിമ; കണ്ണീരുണങ്ങാതെ കുടുംബം