തല ചായ്ക്കാനിടമില്ലാതായതോടെ ഇവര്‍ ഇപ്പോഴും പാണ്ടനാട് ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്

മാന്നാർ: പ്രളയം കവർന്നെടുത്ത പാണ്ടനാട്ടിൽ വീടുകൾ നഷ്ടപ്പെട്ട് തല ചായ്ക്കാനിടമില്ലാതായതോടെ
എട്ട് കുടുബങ്ങളിലെ 30ഓളം ആളുകൾ അന്തിയുറങ്ങുന്നത് ഇന്നും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ. പണ്ടനാട് പടിഞ്ഞാറ് ഒത്തന്റെകുന്നിൻ കിക്കേതിൽ സുദേവൻ, പഞ്ചമൻ, അജി, അനിൽ എന്നിവരുടെ കുടുംബങ്ങള്‍ക്കും കുന്നിൻതറയിൽ മധു, ജനാർദ്ദനൻ, ഗോപാലൻ, ആറ്റുമാലിയിൽ ജോഷ്നി എന്നിവര്‍ക്കുമാണ് വീടുകൾ നഷ്ടപ്പെട്ടത്.

തല ചായ്ക്കാനിടമില്ലാതായതോടെ ഇവര്‍ ഇപ്പോഴും പാണ്ടനാട് ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്. രാത്രിയിലെ ഉറക്കത്തിനിടയിൽ ജലപ്രളയം കണ്ട ആൾക്കാർ പ്രാണരക്ഷാർഥം കഴി‍ഞ്ഞ 16ന് വീടു വിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതാണ്.

അഭയം തേടാന്‍ ഇപ്പോഴും സ്ഥലമില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണിവര്‍. ദുരിത ജീവിതത്തിനൊടുവിൽ ക്യാമ്പില്‍ നിന്ന് പോയി നോക്കിയപ്പോള്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് അവര്‍ക്ക് കാണേണ്ടി വന്നത്.

വെള്ളം ഇരച്ച് കയറി വീടുകൾ ആകെ നാശമായി. വീടിന്റെ മേൽക്കൂര നിലംപതിച്ചു. ഭിത്തികൾ പൊട്ടി. വീട്ടുപകരണങ്ങൾ ഉൾപ്പടെ എല്ലാ ഉപയോഗസാധനങ്ങളും പൂർണമായും നശിച്ചു. ഇതോടെ ഇനിയുള്ള ജീവിതം എങ്ങനെയെന്ന അങ്കലാപ്പിലാണ് ഇവര്‍.