നീറ്റ് പരീക്ഷാ വിഷയത്തിൽ പ്രതികരിച്ച സിനിമാ താരങ്ങളെ രൂക്ഷമായി വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. താരങ്ങളുടെ പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാണെന്നും, സിനിമയിലെ ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത പോലുള്ള വിഷയങ്ങളിൽ ഇവർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിഷയത്തിൽ പ്രതികരിച്ച സിനിമാ സെലിബ്രിറ്റികൾക്കെതിരെയും സിനിമാ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെയും കടുത്ത വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. ചില സിനിമകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്നത്ര ഉപദ്രവം നീറ്റ് പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമാ സെലിബ്രിറ്റികൾ ബഹളം വെക്കുന്നത് സിനിമയുടെ ഇൻഡയറക്ട് പ്രൊമോഷനാണോ അതോ എഫ്‌സിആർഎ ഫണ്ട് നിയന്ത്രണവും ദേശീയ അവാർഡ് കിട്ടാത്തതിന്റെ ദേഷ്യവുമാണോ എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. സ്വന്തം സംഘടനയിലെ പ്രശ്നങ്ങൾ പോലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാൻ പറ്റാത്തവരാണ് ഇന്ത്യയിലെ നീറ്റ് പ്രശ്നം പരിഹരിക്കേണ്ട രീതിയെക്കുറിച്ച് സംസാരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ ഉശിരുള്ള ആൺകുട്ടികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ഭാവിയിൽ ആശങ്കയുള്ള സിനിമാക്കാർ മദ്യം, കഞ്ചാവ്, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറി ഭാഷ എന്നിവ സ്വന്തം സിനിമകളിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാകണം. ഹേമ കമ്മിറ്റി റിപ്പോർട്ട് ആവർത്തിക്കാതിരിക്കാനും, കള്ളപ്പണം വെളുപ്പിക്കുന്നവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരാനും, കേരളത്തിൽ മദ്യനിരോധനം ആവശ്യപ്പെടാനും ഇവർ തയ്യാറാകുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. മുൻകാലങ്ങളിൽ എഐപിഎംടി, സിബിഎസ്ഇ, വ്യാപം ഉൾപ്പെടെ നിരവധി ചോദ്യപ്പേപ്പർ ചോർച്ചകൾ ഉണ്ടായപ്പോഴും, പിഎസ്‌സി പരീക്ഷകൾ റദ്ദാക്കിയപ്പോഴും ഈ സെലിബ്രിറ്റികളാരും പ്രതികരിച്ചിരുന്നില്ലെന്നും മന്ത്രിമാർ രാജിവെച്ചിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'ദി പബ്ലിക് എക്സാമിനേഷൻസ് ആക്ട്, 2024' കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഒന്നാണ്. നീറ്റ് കേസിൽ അതിവേഗം സിബിഐ അന്വേഷണം നടക്കുകയും, അറസ്റ്റ് രേഖപ്പെടുത്തുകയും, റീ-എക്സാം നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സമരം ചെയ്യാം എന്നാൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞും പൊതുമുതൽ നശിപ്പിച്ചും ആകരുത്. ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ വിദേശ ഏജൻസികളുടെ കളിപ്പാവകളാകുന്ന ചെറുപ്പക്കാരെക്കുറിച്ച് പൊതുജനം ജാഗ്രത പുലർത്തണമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.


