കണ്ണൂര്‍ ജില്ലയില്‍ പീഡ‍നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളില്‍ കഞ്ചാവിന്‍റെ ഉപയോഗം കണ്ടെത്തിയത്. 

കണ്ണൂര്‍: കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ജില്ലയില്‍ പീഡ‍നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളില്‍ കഞ്ചാവിന്‍റെ ഉപയോഗം കണ്ടെത്തിയത്. പറശ്ശനിക്കടവ് കൂട്ടബലാത്സംഗക്കേസിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

പറശ്ശിനിക്കടവ് പീഡനത്തിനിരയായ പെണ്‍കുട്ടിയും അതേ സ്കൂളിലെ ചില പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരിമരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് കുട്ടികളെ പീഡ‍ിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പിതാവ് അടക്കമുള്ള ബന്ധുക്കളും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ കൂടിവരുകയാണെന്നും കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.