അമ്മയുമായി ജോണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട്  അമ്മയെ ആക്രമിക്കുകയായിരുന്നു. 

കൊല്ലം: കൊട്ടിയത്ത് വയോധികയായ അമ്മയെ(Mother) ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകനെ പൊലീസ് (Police) അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. അമ്മ ഡെയ്സിയുമായുണ്ടായ വഴക്കിനിടെയാണ് കൈ തല്ലിയൊടിച്ചത്.

ജോണിന്‍റെ അമ്മ ഡെയ്‌സി കഴിഞ്ഞ കുറച്ചുനാളുകളായി മകളുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ജോണ്‍ സഹോദരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് അമ്മയുമായി ജോണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. 

കൈക്ക് ഗുരുതരമായി പരിക്കേറ്റ ഡെയ്‌സി മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തെക്കുംഭാഗത്തുനിന്നും ജോണിനെ പിടികൂടിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ അരുണ്‍ ഷാ, പ്രകാശ്, ഷാജി, എ.എസ്.ഐ. ശോഭകുമാരി, സി.പി.ഒ. വിനു വിജയ്, ലതീഷ്മോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.