ഇടുക്കി: അടിമാലിയിൽ രോഗിയായ വൃദ്ധയെ ഭർത്താവ് കാറിൽ ഉപേക്ഷിച്ച സംഭവത്തിൽ പരാതിയുണ്ടെന്ന് മകൻ മഞ്ജിത്. ഇതോടെ ഭർത്താവ് മാത്യുവിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അതേസമയം, വിദഗ്ധ ചികിത്സയ്ക്കായി ലൈലാമണിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

നെടുങ്കണ്ടം കല്ലാറില്‍ താമസക്കാരനായ ലൈലാമണിയുടെ മകന്‍ മഞ്ജിത് തിരുവനന്തപുരത്തുള്ള സഹോദരി മാധ്യമ വാര്‍ത്ത കണ്ട് വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി മകൻ മഞ്ജിത്തിനൊപ്പം അമ്മയെ അയച്ചിരിക്കുന്നത്.

ആരോഗ്യനില മെച്ചപ്പെട്ടാൽ ലൈലാമണിയെ മകനൊപ്പം വീടാനാണ് തീരുമാനം. എന്നാൽ, ഇപ്പോഴുള്ളത് അമ്മയുടെ രണ്ടാമത്തെ ഭർത്താവാണെന്നും ഇതിന് മുമ്പും ഇത്തരത്തിൽ അമ്മയെ വഴിയിൽ ഉപേക്ഷിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും മഞ്ജിത് പറഞ്ഞു. അതുകൊണ്ട് ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭർത്താവ് മാത്യൂവിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച അടിമാലിയിൽ ആൾട്ടോ കാറിൽ ഉപേക്ഷിച്ച് പോയ ലൈലാമണിയെ രണ്ടാം ദിവസം അവശനിലയിൽ ഓട്ടോ തൊഴിലാളികളാണ് കണ്ടെത്തിയത്‌. തുടർന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം 2014 മുതലാണ് വയനാട് മാനന്തവാടി സ്വദേശി മാത്യുവുമായി ലൈലാമണി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. മഞ്ജിത്തിന്റെ കട്ടപ്പനയിലുള്ള വീട്ടിലേക്ക് വരുന്ന വഴിക്കാണ് അടിമാലിയിൽ വണ്ടി നി‍‍‍ര്‍ത്തി വീട്ടമ്മയെ ഉപേക്ഷിച്ച് മാത്യു കടന്നുകളഞ്ഞത്.

ഒന്നരദിവസത്തോളം കുടിവെള്ളം പോലും കിട്ടാതായ രോഗിയായ ലൈലാമണി കാറിൽ കിടന്നത്. മുൻപും ഇതേ രീതിയില്‍ ലൈലാമണിയെ ഉപേക്ഷിക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത്‌ വെഞ്ഞാറുമൂട് വച്ചായിരുന്നു അത്. അന്ന് പൊലീസ് ബന്ധുക്കളെ കണ്ടെത്തി ലൈലാമണിയെ അവര്‍ക്കൊപ്പം വിട്ടയ്ക്കുകയായിരുന്നു. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന പേരിൽ മാത്യു വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.