Asianet News MalayalamAsianet News Malayalam

മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടു, സ്വത്ത് തട്ടിയെടുത്തു; പരാതിയുമായി അമ്മ

ലതയുടെ ഉടമസ്ഥതയില്‍ വര്‍ഷങ്ങളായി നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വസ്ത്ര വ്യാപാര സ്ഥാപനം അരുണ്‍ കൈവശപ്പെടുത്തി. തന്‍റെ വാഹനവും മകന്‍ കൈവശപ്പെടുത്തിയതായും ലത പറയുന്നു.

son torture mother for money in idukki nedumkandam
Author
Nedumkandam, First Published Mar 30, 2021, 4:17 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന്, കോടതി ഉത്തരവും നേടിയെത്തിയ മാതാവിന് നേരെയാണ് മകന്‍റെ ആക്രമണം. വീട് കൈക്കലാക്കിയതിനൊപ്പം വ്യാപര സ്ഥാപനവും വാഹനവും മകന്‍ കൈക്കലാക്കിയെന്നും അമ്മ ആരോപിക്കുന്നു. നെടുങ്കണ്ടം ക്രോമ്പാറ്റുകുന്നേല്‍ ലതയെ ആണ് മകന്‍ അരുണ്‍ലാല്‍ മര്‍ദ്ദിച്ചത്. 

ലത നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്റെ വിവാഹ ശേഷം മകനും ഭാര്യയ്ക്കുമായി ലത മറ്റൊരു വീട് നല്‍കിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലതയുടെ ഭര്‍ത്താവ് മരിച്ചതോടെ, മാതാവിന്‍റെ സംരക്ഷണത്തിനായ് അരുണ്‍ ഒപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മകന്‍, ലതയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് സഹോദരനൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞ് വന്നിരുന്നത്. തന്റെ വീട്ടില്‍ സുരക്ഷിതമായി താമസിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം കോടതിയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് ലഭിച്ച കോടതി ഉത്തരവുമായാണ് ലത വീണ്ടും വീട്ടിലെത്തിയത്. എന്നാല്‍ തന്നെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയും ചെയ്‌തെന്ന് ലത പറയുന്നു.

ലതയുടെ ഉടമസ്ഥതയില്‍ വര്‍ഷങ്ങളായി നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വസ്ത്ര വ്യാപാര സ്ഥാപനം അരുണ്‍ കൈവശപ്പെടുത്തി. തന്‍റെ വാഹനവും മകന്‍ കൈവശപ്പെടുത്തിയതായും ലത പറയുന്നു. മകനില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റ മാതാവിന് സംരക്ഷണം ഒരുക്കാന്‍ നെടുങ്കണ്ടം പൊലിസ് തയ്യാറാകുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തന്റെ ഭര്‍ത്താവിന്റെയും തന്റെയും പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തിയ ശേഷം തന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നാണ് ലത ആരോപിയ്ക്കുന്നത്. സ്ത്രീ സുരക്ഷാ നിയമപ്രകാരമുള്ള കോടതി ഉത്തരവുമായി എത്തിയ ലതയെ മര്‍ദ്ധിച്ച മകനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios