Asianet News MalayalamAsianet News Malayalam

'സോണറില ലുന്‍ഡിനി'; അഗസ്ത്യമലയില്‍ പുതിയൊരു 'പച്ച', കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍.

Sonerilla lundini Researchers in Calicut discovered a new leaf in Agastyamala ppp
Author
First Published Jul 25, 2023, 7:49 AM IST

കോഴിക്കോട്:  ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. സര്‍വകലാശാലാ സസ്യപഠനവകുപ്പിലെ പ്രൊഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ ഗവേഷകരായ ത്യശ്ശൂര്‍ ചേലക്കര സ്വദേശിനി ഡോ. എസ് രശ്മി, മലപ്പുറം പുലാമന്തോള്‍ സ്വദേശിനി എം.പി. കൃഷ്ണപ്രിയ എന്നിവര്‍  ചേര്‍ന്നാണ് അഗസ്ത്യമല ബയോസ്ഫിയറിന്റെ ഭാഗമായ തിരുവനന്തപുരം ചെമുഞ്ചി മലനിരകളില്‍ 1200 മീറ്റര്‍ ഉയരത്തില്‍ നിന്ന് മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ 'സുന്ദരിയില' എന്നറിയപ്പെടുന്ന സോണറില ജനുസ്സില്‍പെട്ട സസ്യത്തെ കണ്ടെത്തിയത്. 

ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞ ഡോ. നിക്കോ സെല്ലിനീസും പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു. പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്സോണമിയുടെ (ഐഎഎടി ) അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ റീഡയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ഗവേഷണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പാണിത്. 

സോണറില ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്വീഡിഷ് സസ്യശാസ്ത്രജ്ഞന്‍ റോജര്‍ ലുന്‍ഡിനോടുള്ള ആദരസൂചകമായി 'സോണറില ലുന്‍ഡിനി' എന്നാണ് പുതിയ സസ്യത്തിന് പേരിട്ടത്. നിലംപറ്റി പടര്‍ന്നുവളരുന്ന കാണ്ഡത്തോടും രോമാവൃതമായ ഇലകളോടും കൂടിയ സസ്യത്തിന് ഉയര്‍ന്നു നില്‍ക്കുന്ന പൂങ്കുലകളില്‍ ഇളംറോസ് നിറത്തോടുകൂടിയ ചെറിയ പൂക്കളുണ്ടാകും. 

Read more: പാസ്പോർട്ട് വെരിഫിക്കേഷന് എത്തി, ലിസിയാമ്മയുടെ രക്ഷകനായി മടങ്ങി!

ഇന്ത്യയില്‍ അമ്പതോളം സ്പീഷീസുകളുള്ള ഈ ജനുസ്സില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. ഇതില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞത് ഈ ജനുസ്സില്‍ ഗവേഷണം തുടരുന്ന ഡോ. സന്തോഷ് നമ്പിയും സംഘവുമാണ്. പശ്ചിമഘട്ട മലയോര മേഖലകളിലെ അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളും ടൂറിസവും ചെങ്കല്‍കുന്നുകളിലെ ഖനനവും അതീവ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന സോണറില ജനുസ്സിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios