കോഴിക്കോട് മുക്കത്ത് ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍ തന്നെ. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയതെന്ന് കടയുടമ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കോഴിക്കോട്: ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരന്‍ കടയില്‍ സൂക്ഷിച്ചിരുന്ന പണവും മറ്റ് ജീവനക്കാരുടെ മൊബൈല്‍ ഫോണും ഉള്‍പ്പെടെ കൈക്കലാക്കി കടന്നുകളഞ്ഞു. കോഴിക്കോട് മുക്കം മാര്‍ക്കറ്റിലെ 'ഫെയ്മസ്' ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതേ കടയിലെ ജീവനക്കാരന്‍ തന്നെയായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയതെന്ന് വ്യക്തമാണെന്ന് കടയുടമ പറഞ്ഞു.
മോഷണം നടത്തുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയില്‍ സൂക്ഷിച്ചിരുന്ന 32,000 രൂപയും കൂടാതെ ജീവനക്കാര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ യാമിന്‍ എന്ന ജീവനക്കാരന്റെ മൊബൈല്‍ ഫോണും പ്രധാന രേഖകള്‍ അടങ്ങിയ പഴ്‌സും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്.
കടയുടമ ആബിദ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി ശാസ്ത്രീയമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


