Asianet News MalayalamAsianet News Malayalam

വ്യാജ വാര്‍ത്തകളുടേയും പെയ്ഡ് വാര്‍ത്തകളുടേയും കാലം; മാധ്യമ വിമര്‍ശനവുമായി സ്പീക്കര്‍

''മാധ്യമ സ്ഥാപനങ്ങള്‍ വ്യവസായമായതോടെ വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കായി. ഇവിടെ ലാഭം മാത്രമാണ് ലക്ഷ്യം. സത്യം മാത്രം പറഞ്ഞാല്‍ ലാഭം കിട്ടാതെയാകുമ്പോള്‍ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദുരിതങ്ങളെയും ഹിംസകളെയും ദൃശ്യ പൊലിമയുളള ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍''.
 

speaker MB Rajesh speaks against Media
Author
Kozhikode, First Published Sep 14, 2021, 5:58 PM IST

കോഴിക്കോട്: വ്യാജവാര്‍ത്തകളുടേയും അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും ധാരാളിത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. രണകൂടത്തിന്റേയും മൂലധന ശക്തികളുടേയും സുഖശയ്യയിലാണ്  ഭൂരിപക്ഷം മാധ്യമങ്ങളെന്നും വാര്‍ത്തകള്‍ വില്‍പനച്ചരക്കായി മാറിയെന്നും സ്പീക്കര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്ഥാപനങ്ങള്‍ വ്യവസായമായതോടെ വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കായി. ഇവിടെ ലാഭം മാത്രമാണ് ലക്ഷ്യം. സത്യം മാത്രം പറഞ്ഞാല്‍ ലാഭം കിട്ടാതെയാകുമ്പോള്‍ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദുരിതങ്ങളെയും ഹിംസകളെയും ദൃശ്യ പൊലിമയുളള ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍. അവാസ്തവ പ്രചരണം വളരെ ശക്തമായി നടക്കുന്ന കാലമാണിത്. ഇതില്‍ സാമ്പ്രദായിക മാധ്യമങ്ങളും നവ മാധ്യമങ്ങളുമുണ്ട്. മാധ്യമങ്ങളെ നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യമാണ്. ഇത് രണ്ടുമില്ലാത്ത നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യമുണ്ടാകില്ല. സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ എതിര്‍ക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എന്‍. രാജേഷ് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. കെ.പി. റെജി സ്മാരക പ്രഭാഷണം നടത്തി. എന്‍.പി. രാജേന്ദ്രന്‍,  കമാല്‍ വരദുര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios