ഇടുക്കി:പ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഡയറക്ടറേറ്റിന് രൂപം നല്‍കിയതായി തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമക്യഷ്ണന്‍. തോട്ടം തൊഴിലാളികള്‍ക്ക് ഭവനം ഫൗണ്ടേഷന്റെ നേത്യത്വത്തില്‍ കുറ്റിയാര്‍വാലിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം പ്ലാന്റേഷന്‍ മേഖല നിലനില്‍ക്കേണ്ടത് ആവശ്യമാണ്. ഇരുവരുടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ഡയറക്ടറേറ്റിന് രൂപം നല്‍കിയിരിക്കുന്നത്. കരട് തയ്യാറായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 

തോട്ടം തൊഴിലാളി പ്രതിനിധികള്‍, തോട്ടം ഉടമകള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, തല്‍പ്പരകക്ഷികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ കേട്ട് ഇന്നത്തെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ പ്ലാന്റേഷന്‍ മേഖലയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. ക്യഷിക്കാരുടെ ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ വില ലഭിക്കുന്നില്ല. സാഹചര്യങ്ങള്‍ അനുകൂലമാക്കി തൊഴിലാളികളുടെ ശമ്പളം 600 രൂപയാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഏങ്ങനെ പരിഹരിക്കാമെന്ന് ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഭവനം ഫൗണ്ടേഷന്റെ നേത്യത്വത്തില്‍ തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ഉദാഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

Read More:ഗാലക്‌സി എസ് 10 ലൈറ്റ് ഈ ദിവസം മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍

ഭവനം ഫൗണ്ടേഷന്റെ 4 ലക്ഷവും, അമേരിക്കയിലെ മലയാളി അസോസിയേഷന്‍ ഫോക്കാന നല്‍കിയ 75000 രൂപയും ,തൊഴിലാളികള്‍ നല്‍കിയ പണവും ഉപയോഗിച്ചാണ് ആദ്യഘട്ടമെന്ന നിലയില്‍ 5 വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ബഡ് റൂം, അടുക്കള, ഹാള്‍, ബാത്രൂം എന്നിവയടങ്ങുന്നതാണ് വീട്. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഒരുവര്‍ഷം കൊണ്ടാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. രണ്ടാംഘട്ടമെന്ന നിലയില്‍ 5 വീടുകള്‍കൂടി നിര്‍മ്മിക്കുന്നുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളായ ചെല്ലദുരൈ-മേരി, ജോര്‍ജ്ജ്- തേന്‍മൊഴി, പളനിയമ്മാള്‍-മുനിയാണ്ടി, ടക്കളസ്-കണ്ണമ്മ എന്നിവര്‍ക്കാണ് വീട് ലഭിച്ചത്. ദേവികുളം സബ് കളക്ടര്‍ പ്രംക്യഷ്ണന്‍, ഫൊക്കാന പ്രസിഡന്റ് ബി മാധവന്‍ നായര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍, എപികെ പ്രസിഡന്റ് കരിയപ്പ, അഡീഷണല്‍ ലേബര്‍ കമ്മീഷണന്‍ ശ്രീലാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.