അരികൊമ്പന്‍, മൊട്ടവാലന്‍, ചക്കകൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍മാര്‍ പതിവായി സഞ്ചരിയ്ക്കുന്ന പാതകള്‍ കണ്ടെത്തും. 

ഇടുക്കി: ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നും ദ്രൂത കര്‍മ്മ സേന എത്തി. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അപകടകാരികളായ ആനകളെ ദൗത്യ സംഘം നിരീക്ഷിയ്ക്കും.

മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും പ്രത്യേക ദൗത്യ സംഘം എത്തിയത്. വനം വകുപ്പ് വാച്ചര്‍മാരുടെ സഹായത്തോടെ സംഘം മേഖലയില്‍ നിരീക്ഷണം നടത്തും. അരികൊമ്പന്‍, മൊട്ടവാലന്‍, ചക്കകൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍മാര്‍ പതിവായി സഞ്ചരിയ്ക്കുന്ന പാതകള്‍ കണ്ടെത്തും. 

ഒപ്പം ഇവയുടെ സ്വഭാവ സവിശേഷതകളും വിലയിരുത്തും. തുടര്‍ന്ന് റിപ്പോര്‍ട്ട്, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡോ. അരുണ്‍ സഖറിയയ്ക്കും കൈമാറും. തുടര്‍ന്ന് അപകടകാരികളായ ആനകളെ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒറ്റയാന്‍മാരും, കാട്ടാനകൂട്ടങ്ങളും, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്നത് പതിവാണ്. 

വിവിധ സംഭവങ്ങളിലായി വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശം സംഭവിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏക്കറ് കണക്കിന് കൃഷി ഭൂമിയാണ് കാട്ടാന കൂട്ടങ്ങളുടെ ആക്രമണത്തില്‍ നശിച്ചിട്ടുള്ളത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക; ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം