ഇടുക്കി: ചിരിയുടെ കാലാകാരന് ആരാധികയുടെ സ്‌നേഹോപകാരം. ചിരിയോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത് പ്രേഷക മനസില്‍ സ്ഥാനംനേടിയ രമേഷ് പിഷാരടിയുടെ മുന്നിലേക്കാണ് അപ്രതീക്ഷിതമായി താന്‍ വരച്ച ചിത്രവുമായി കുട്ടി കലാകാരി അഞ്ജിത ഷാജി എത്തിയത്. രണ്ടു ദിവസം മുമ്പാണ് താന്‍ പഠിച്ചിരുന്ന കാര്‍മലഗിരി പബ്ലിക്ക് സ്‌കൂളില്‍ വിശിഷ്ടാതിഥിയായി രമേഷ് പിഷാരടി എത്തുന്നതായി അഞ്ജിത അറിയുന്നത്.

പിന്നെ മറ്റൊന്നും ആലോചിച്ചില്ല, തന്റെ പ്രിയ നടന് സ്‌നേഹത്തിന്റെ ഭാഷയില്‍ അവള്‍ ഉപഹാരം നല്‍കാന്‍ തീരുമാനിച്ചു. ആരാധന ചിത്രമാക്കി അവള്‍ രണ്ട് ചിത്രങ്ങളാണ് വരച്ചത്. മറ്റൊന്ന് പ്രിയ പ്രിന്‍സിപ്പള്‍ ഫാ. ഷൈന്‍ മതേക്കല്ലിന്റേതായിരുന്നു. ചിത്രങ്ങളുമായി സ്റ്റേജിന്റെ പിന്നിലെത്തിയെങ്കിലും കൈമാറാന്‍ കഴിയുമോയെന്ന് ആശങ്കയിലായിരുന്നു അഞ്ജിത.

അധ്യാപകരോട് കാര്യം പറഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി. കുട്ടികലാകാരിയുടെ ആഗ്രഹം അറിയിച്ചതോടെ സിനിമാതാരം പുഞ്ചിരിയോടെ അഞ്ജിതയെ സ്‌റ്റേജിലേക്ക് വിളിച്ചു. ചിത്രങ്ങള്‍ അവള്‍ അദ്ദേഹത്തിന് കൈമാറി.കൊരണ്ടിക്കാട് കാര്‍മ്മലഗിരി സ്‌കൂളിന്റെ 25 -മത് സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് പിഷാരടി മൂന്നാറിലെത്തിയത്. തമിഴ്‌ മേഖലയായതിനാല്‍ തമിഴിലാണോ മലയളത്തിലാണോ കാര്യങ്ങള്‍ അവതിപ്പിക്കേണ്ടതെന്ന് മനസിലായില്ല,

പിന്നെ രണ്ടും കല്‍പ്പിച്ച് തന്റെ ജന്മസിദ്ധമായ മിമിക്രി താരം അവതരിപ്പിച്ചു. അരമണിക്കുറോളം കുട്ടികളുടെ കാലവിരുന്ന് ആസ്വദിച്ചാണ് അദ്ദേഹം സ്‌കൂള്‍ വിട്ടത്. ഷാജി-മ്യുദുല ദമ്പതികളുടെ മുത്തമകളാണ് അഞ്ജിത. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. സഹോദരി അഞ്ജന കാര്‍മലഗിരി സ്‌കൂളില്‍ എഴാം ക്ലാസില്‍ പഠിക്കുന്നു.