കല്‍പ്പറ്റ: കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ പൊലീസിന് പിടിപ്പത് പണിയാണുള്ളത്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തല്‍ മുതല്‍ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമാകാനുള്ള ഇടപെടലുകള്‍ നടത്തുകയാണ് പൊലീസ്. ഇതിനിടെ വയനാട് ജില്ലയിലെ കമ്പളക്കാട് പൊലീസിന് തലവേദനയായി സ്ഥിരമാകുന്ന സൈക്കിള്‍ മോഷണം. കമ്പളക്കാട് സ്വദേശിയാണ് പരിസരത്ത് സൈക്കിള്‍ മോഷണം പതിവാകുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

വന്‍വില വരുന്നതടക്കം നിരവധി സൈക്കിളുകള്‍ കാണാതായെന്നായിരുന്നു പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഷ്ടമായവയില്‍ മൂന്ന് സൈക്കിള്‍ കണ്ടെത്തി. കമ്പളക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുചക്രവാഹനങ്ങള്‍ കണ്ടെത്തിയത്. കൊഴിഞ്ഞങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പിച്ചെടിയില്‍ കെട്ടിയിട്ട നിലയിലും ചെടികള്‍ക്കിടയില്‍ മറച്ചുവെച്ച രീതിയിലുമായിരുന്നു സൈക്കിളുകള്‍ ഉണ്ടായിരുന്നത്. കൂടുതല്‍ സൈക്കിളുകള്‍ പ്രദേശത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവയും കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയില്‍ പച്ചിലക്കാട് പുന്നോളി മൂസയുടെ മുപ്പതിനായിരം രൂപ വില വരുന്ന സൈക്കിള്‍ മോഷണം പോയതായി പരാതിയുണ്ട്. അതേ സമയം കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ മറ്റുതരത്തിലുള്ള മോഷണങ്ങളും വ്യാപകമാണെന്നാണ് നാട്ടുകാരുടെ പരാതി. ഒരു മാസം മുമ്പ് മില്ലുമുക്ക് സ്വദേശിയുടെ കാറിന്റെ നാല് ടയറുകള്‍ മോഷണം പോയിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ടയറുകളാണ് മോഷ്ടിക്കപ്പെട്ടത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona