Asianet News MalayalamAsianet News Malayalam

വൈക്കത്തഷ്ടമി പ്രമാണിച്ച് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു

ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍ ആറാം തീയ്യതി വരെ ഒരു മിനിറ്റ് സ്റ്റോപ്പാണ് ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്

Special temporary stoppage of 1 minute scheduled for 4 trains during Vaikathashtami festival afe
Author
First Published Dec 2, 2023, 4:23 AM IST

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പെന്ന് റെയില്‍വെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒരു മിനിറ്റാണ് സ്റ്റോപ്പിന്റെ ദൈര്‍ഘ്യം. ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ.

  • ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍ - മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്സ്പ്രസ് - രാവിലെ 09.50ന്
  • ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം സെന്‍ട്രല്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്സ്പ്രസ് - ഉച്ചയ്ക്ക് ശേഷം 02.55ന്
  • ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് - വൈകുന്നേരം 6.15
  • ട്രെയിന്‍ നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്സ്പ്രസ് - രാത്രി 09.32

ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതിയാണ് ആറാട്ട്. ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടക്കും.

 ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടു മണി വരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ മദ്യവില്‍പ്പനകടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവില്‍ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വില്‍പ്പന തടയുന്നതിനായി കര്‍ശനനടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയെന്ന് കളക്ടര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios