കല്‍പ്പറ്റ: രേഖകളില്ലാതെ കാറില്‍ കടത്തിയ 3,71,710 രൂപ ഫ്ളൈങ് സ്‌ക്വാഡ് പിടിച്ചെടുത്തു. രണ്ടു കേസുകളിലായിട്ടാണ് ഇത്രയും തുക പിടിച്ചെടുത്തത്. കല്‍പ്പറ്റ ലക്കിടിയിലും അമ്പലവയല്‍-സുല്‍ത്താന്‍ ബത്തേരി റോഡില്‍ മട്ടപ്പാറയിലും തെരഞ്ഞെടുപ്പ് ഫ്ളൈങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനകളിലാണ് പണം പിടികൂടിയത്. ‍ലക്കിടിയില്‍ നിന്നും മൂന്നുലക്ഷം രൂപയും മട്ടപ്പാറയില്‍ നിന്നും 71,710 രൂപയുമാണ്  പിടികൂടിയത്. 

രാവിലെ 10.30യ്ക്ക് ലക്കിടി കുന്നത്തിടവകയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി രജിസ്‌ട്രേഷന്‍ കാറില്‍ നിന്നും മൂന്നു ലക്ഷം രൂപ പിടികൂടിയത്. കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുള്‍ ഹാരീസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഹരീഷ് ബാബു, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജോജി, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ എ.സി സുരേഷ്, ഷാജിദ്, ഗിരീഷ്, ജാബിര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
 
അമ്പലവയല്‍-സുല്‍ത്താന്‍ ബത്തേരി റോഡില്‍ മട്ടപ്പാറയില്‍ വയനാട് രജിസ്‌ട്രേഷന്‍ കാറില്‍ നിന്നാണ് രേഖകളില്ലാതെ കടത്തിയ 71,710 രൂപ പിടികൂടിയത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം ചാര്‍ജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ടി.ബി. പ്രകാശന്‍ നേതൃത്വം നല്‍കി. അമ്പലവയല്‍ ആര്‍.ആര്‍ സീനിയര്‍ ക്ലര്‍ക്ക് കെ.ആര്‍ രതീഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ , സിവില്‍ പൊലീസ് ഓഫീസര്‍ വി.എസ് ഷിജു, സതീശന്‍ എന്നിവരും പരിശോധയുടെ ഭാഗമായി.

ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന പണം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു കൈമാറും. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ രണ്ടുലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഖത്തര്‍ റിയാല്‍ താളൂര്‍ ചെക്‌പോസ്റ്റിൽ നിന്നും കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി ഫ്ളൈങ്  സ്‌ക്വാഡ് പിടികൂടിയിരുന്നു.