വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ അച്ഛനമ്മമാരുടെ മകളായ ശ്രീധന്യ സുരേഷ് ഇന്ന് മലയാളികളുടെ ആകെ അഭിമാനമാണ്.  പട്ടികവര്‍ഗ വിഭാഗത്തില്‍ കുറിച്യ സമുദായംഗമായ ഇവര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയതും ഒരു ചരിത്ര മുഹൂര്‍ത്തമാണ്

കല്‍പ്പറ്റ: 'ഞാന്‍ പിഎച്ച്ഡി എടുക്കണമെന്നാണ് പറഞ്ഞിരുന്നത്... എന്നാല്‍ ഐഎഎസ് എന്ന വലിയ സ്വപ്നമാണ് തന്‍റെ ലക്ഷ്യമെന്ന് അവള്‍ ഉറപ്പോടെ പറഞ്ഞു. പിന്നെ ആ ലക്ഷ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത് തന്നെ'' വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി ശ്രീധന്യയുടെ അച്ഛന്‍ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ് ഇത് പറയുമ്പോള്‍ കഷ്ടപ്പാടുകള്‍ക്ക് ഫലമുണ്ടായ ആശ്വാസവും അഭിമാനവുമൊക്കെ വാക്കുകളില്‍ നിറയുകയാണ്.

വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ അച്ഛനമ്മമാരുടെ മകളായ ശ്രീധന്യ സുരേഷ് ഇന്ന് മലയാളികളുടെ ആകെ അഭിമാനമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ കുറിച്യ സമുദായംഗമായ ഇവര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയതും ഒരു ചരിത്ര മുഹൂര്‍ത്തമാണ്.

ശ്രീധന്യ ഒരു സാധാരണ കുട്ടിയായിരുന്നെങ്കിലും പഠനത്തില്‍ നിശ്ചയദാര്‍ഢ്യം ആവോളമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ചെറിയ ക്ലാസ് മുതലേ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ്. മകളുടെ ആഗ്രഹം വലുതാണെന്ന് അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും നല്ല ബോധ്യമുണ്ടായിരുന്നു.

അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം പഠന ചെലവിലേക്ക് അമ്മ കമലയുടെ കുടുംബവും നാട്ടുകാരുമടക്കം സഹായിച്ചിരുന്നതായി സുരേഷ് പറഞ്ഞു. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാവുംമന്ദം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം.

കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 2016ല്‍ ഐഎഎസ് പ്രാഥമിക പരീക്ഷ എഴുതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.

2017ലെ ശ്രമമാണ് ശ്രീധന്യയെ അഖിലേന്ത്യ തലത്തില്‍ 410-ാം റാങ്ക് നേടിക്കൊടുത്തത്. നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു ഈ ഇരുപത്തിയാറുകാരിയെ ഉന്നതയിലെത്തിച്ചതെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു.

മകളുടെ ആഗ്രഹം സാധിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്ന് പിതാവ് സുരേഷ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ശ്രീധന്യയുടെ ഏക സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നികില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. 

അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് ശ്രീധന്യ സുരേഷ് പ്രതികരിച്ചത്. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന് ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചത്.

"
അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചതെന്നും ശ്രീധന്യ പറഞ്ഞു.