ജന്മനാ കേള്‍വിയും സംസാരശേഷിയുമില്ലാത്ത ശ്രീഹരി ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. ബുധനൂര്‍ എണ്ണയ്ക്കാട് തെക്കേക്കാട്ടില്‍ സുരേഷ്‌കുമാര്‍ – രശ്മി ദമ്പതികളുടെ മൂത്ത മകനാണ് ശ്രീഹരി. 

മാന്നാര്‍: ജന്മനാ കേള്‍വിയും സംസാരശേഷിയുമില്ലാത്ത ശ്രീഹരി ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. ബുധനൂര്‍ എണ്ണയ്ക്കാട് തെക്കേക്കാട്ടില്‍ സുരേഷ്‌കുമാര്‍ – രശ്മി ദമ്പതികളുടെ മൂത്ത മകനാണ് ശ്രീഹരി. എണ്ണയ്ക്കാട് ഗവ. യൂപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരി ചെറുപ്പം മുതലേ താളമേളകളില്‍ തല്‍പരനായിരുന്നു. വീട്ടിലെ മേശപ്പുറത്തും കലത്തിലുമെല്ലാം കെട്ടി ആംഗ്യ ഭാഷയില്‍ പാട്ടുപാടുമായിരുന്നു. ഏകസഹോദരി ശ്രീലക്ഷ്മി നൃത്തം അഭ്യസിക്കുമ്പോള്‍ കാണുന്ന ചേളമേളവും പിതൃസഹോദര പുത്രന്‍ ആദിത്യന്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചതും മുതലാണ് ശ്രീഹരി ചെണ്ടമേളം പഠിക്കാന്‍ അമ്മയുടെ അടുത്ത് ആഗ്രഹം പ്രകടിപ്പിച്ചത്. 

പിതാവ് സുരേഷ് മറ്റൊന്നും ആലോചിക്കാതെ എണ്ണയ്ക്കാട് സ്വദേശി വിനായക് കണ്ണന്റെ ശിക്ഷണത്തില്‍ ചേണ്ട മേളം അഭ്യസിപ്പിച്ചു. ഇന്നലെ എണ്ണയ്ക്കാട് നാലവിള ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ട മേളത്തിലുള്ള ശ്രീഹരിയുടെ കരവിരുത് നാട്ടുകാരെയും ഭക്തജനങ്ങളെയും കേള്‍പ്പിക്കാനുള്ള പരിശ്രമത്തിലാണ്. 

ജന്മനാ കേള്‍വിയില്ലാത്ത ശ്രീഹരിക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ മുന്നില്‍ തന്റെ കരവിരുതൊന്നും പ്രദര്‍ശിപ്പിക്കണമെന്നും ആഗ്രഹമുണ്ട്. അതിന് വ്യക്തമായ കാരണവുമുണ്ട്. ഇപ്പോള്‍ ശ്രീഹരിക്ക് പൂര്‍ണ്ണമായും കേള്‍ക്കാനാകും, ഭാഗീകമായി സംസാരശേഷിയും ലഭിച്ചു. ഉമ്മന്‍ചാണ്ടി പ്രത്യേകം താല്‍പര്യമെടുത്തു 2013–ല്‍ കോഴിക്കോടു മെഡിക്കല്‍ കോളജില്‍ വച്ച് ശ്രവണ സംവിധാനമുള്ള ഉപകരണം ( കോ–ക്ലീയര്‍ ഇംപ്ലാന്റേഷന്‍ ) ചെവിയില്‍ പിടിപ്പിച്ചത് മുതലാണ് ശ്രീഹരി കേള്‍വിയുടെ ലോകത്തെത്തിയത്.