ശ്രീലങ്കൻ സമുദ്രാതിര്‍ത്ഥി, ഇന്ധനമില്ലാതെ ഓഫായ നിലയിൽ ബോട്ട്, അകത്ത് തൃശൂരിൽ നിന്ന് രക്ഷപ്പെട്ട പ്രതി പെരേര
തൃശൂര്‍ സി.ജെ.എം. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്നും ശ്രീലങ്കന്‍ പൗരനായ അജിത് കിഷന്‍ പെരേര രക്ഷപ്പെട്ടത്.
തൃശൂര്‍: കോടതി മുറിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും നാവികസേന പിടികൂടി. ജൂലൈ ഒന്നിനാണ് തൃശൂര്‍ സി.ജെ.എം. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്നും ശ്രീലങ്കന്‍ പൗരനായ അജിത് കിഷന്‍ പെരേര രക്ഷപ്പെട്ടത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ വിയ്യൂര്‍ പോലീസ് എടുത്ത കേസിന്റെ വിചാരണയ്ക്ക് എത്തിയപ്പോഴാണ് മുങ്ങിയത്.
മുറിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഇയാളുടെ വിലങ്ങ് അഴിച്ചിരുന്നു. മുറിയില്‍ കടന്ന് അല്‍പ്പം കഴിഞ്ഞപ്പോള്‍ കോടതിയില്‍ വൈദ്യുതി മുടങ്ങിയ തക്കം നോക്കി പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ഇയാള്‍ ഒളരി പള്ളിക്കു സമീപത്തുനിന്നും സൈക്കിള്‍ മോഷ്ടിച്ച് വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ തീരദേശം വഴി വരാപ്പുഴ പാലം വഴി കൊച്ചിയില്‍ സൈക്കിളില്‍ സഞ്ചരിച്ചതായി വെസ്റ്റ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നൂറില്‍ പരം സിസിടിവികള്‍ ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചിരുന്നു. മട്ടാഞ്ചേരിയിലെ പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗിച്ചശേഷം കൊച്ചി നഗരം വഴി മട്ടാഞ്ചേരിയിലെത്തി. മൂന്നു ദിവസം ഇവിടെ ബോട്ട് ജെട്ടിയിലും പരിസരത്തും കഴിഞ്ഞു. ജൂലൈ 27നു പ്രതി ഇവിടെനിന്ന് മുങ്ങിയെന്നും ബോധ്യപ്പെട്ടിരുന്നു. പിന്നീട് പൊങ്ങിയത് തിരുവനന്തപുരത്തും കന്യാകുമാരിയിലുമാണ്.
ഇവിടെ ചില ഹോട്ടലുകളില്‍ ജോലി ചെയ്തതിനു ശേഷം മോഷ്ടിച്ച ബോട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായത്. ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലാകുമ്പോള്‍ ഇയാള്‍ അവശനായിരുന്നു. ശരിയാംവണ്ണം ഭക്ഷണം പോലും ഇയാള്‍ കഴിച്ചിരുന്നില്ല. ദുരൂഹ സാഹചര്യത്തില്‍ ബോട്ട് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
ബോട്ടിലെ ഇന്ധനം കഴിഞ്ഞതാണ് കടലില്‍ ബോട്ട് കുടുങ്ങി കിടക്കാന്‍ കാരണമായത്. ഫോര്‍ട്ട് കൊച്ചി പോലീസാണ് ഇയാളെ ആദ്യം സിന്തറ്റിക് മയക്ക് മരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. കൊച്ചി കേന്ദ്രീകരിച്ച ലഹരി മരുന്ന് കടത്തു കേസിലെ മുഖ്യകണ്ണിയായിരുന്നു ഇയാള്‍. ജയില്‍ മാറ്റത്തെ തുടര്‍ന്ന് തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
നാവിക സേനയുടെ പിടിയില്‍ അവശനിലയിലായ അജിത്തിനെ ശ്രീലങ്കയിലെ ആശുപത്രിയിലേക്ക് മാറ്റി. രാജ്യാന്തര ഉടമ്പടി പ്രകാരം പ്രതിയെ ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. അന്ന് പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ അലസത കാട്ടിയതിന്റെ പേരില്‍ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം