ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുമായി വിവാഹത്തിനൊരുങ്ങിയ എസ് ടി പ്രൊമോട്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇടമലക്കുടി വെള്ളവായ്കുടി നെഹ്‌റു (26) വിനെയാണ് ട്രൈബല്‍ ഓഫീസര്‍ പ്രദീപ് സസ്‌പെന്‍ഡ് ചെയ്തത്. സൂര്യനെല്ലി ടാങ്കുകുടി സ്വദേശിനിയായ പതിനഞ്ചുകാരിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. 23ാം തീയതി രാവിലെ 10 മണിയ്ക്കായിരുന്നു കുടിയില്‍ വച്ച് വിവാഹം നിശ്ചയിച്ചിരുന്നത്. 

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയ വിവരത്തെ തുടര്‍ന്ന് കല്യാണത്തിന്‍റെ തലേദിവസം പൊലീസ്, മറ്റ് ഉദ്യോഗസ്ഥരുമായി കുടിയിലെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കുടിയിലെ കാണിയും ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷം വിവാഹം മാറ്റിവയ്ക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 

18 വയസ് തികയുന്ന മുറയ്‌ക്കേ വിവാഹത്തിനൊരുങ്ങുകയുള്ളുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ജോണ്‍.എസ്.എഡ്വിന്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തക ജെസി, ഷെല്‍ബി ബിനോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.