പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു.

കോഴിക്കോട്: നാദാപുരത്ത് ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സൂക്ഷിച്ച കേടുവന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍. പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു.

നാദാപുരത്തെ ബര്‍ഗര്‍ ഇഷ്‌ക് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഷവര്‍മ ഉണ്ടാക്കാനായി സൂക്ഷിച്ച പഴകിയ ഇറച്ചി, സാലഡ് എന്നിവ പിടികൂടിയത്. ഹോട്ടല്‍ ഫുഡ് പാര്‍ക്കില്‍ നിന്ന് ഉപയോഗയോഗ്യമല്ലാത്ത ഫ്രൈഡ് റൈസ്, ചിക്കന്‍ ഫ്രൈ, മയോണൈസ്, വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച പൊറോട്ട മാവ്, ചൈനീസ് മസാലകള്‍ എന്നിവ പിടികൂടി നശിപ്പിച്ചിട്ടുണ്ട്. 

സ്ഥാപനവും പരിസരവും ശുചീകരിച്ച ശേഷമേ തുറക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് തന്നെയുള്ള നാഷണല്‍ ബേക്കറിയില്‍ വൃത്തിയില്ലാത്ത ചുറ്റുപാടില്‍ ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. 

നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ജെ. നവ്യ തൈക്കണ്ടിയില്‍ വ്യക്തമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജൂനിയര്‍ എച്ച്.ഐ കെ. ബാബു, അനുപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

കാലാവധി കഴിഞ്ഞ കോഴിയിറച്ചിയുടെ തീയതി മാറ്റി കൃത്രിമം; പരിശോധന, സൗദിയിൽ പിടികൂടിയത് അഞ്ച് ടണ്‍ കോഴിയിറച്ചി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം