കൊല്ലം: കൊല്ലം ബൈപ്പാസിൽ അപകടമരണങ്ങൾ കൂടിയ സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അപകടങ്ങൾ കുറക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ആഴ്ചക്കകം സർക്കാർ വിശദീകരണം നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആളെക്കൊല്ലും കൊല്ലം ബൈപ്പാസ് എന്ന വാര്‍ത്താ പരമ്പരയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്. 

ജനുവരി 15ന് തുറന്നുകൊടുത്ത കൊല്ലം ബൈപ്പാസിൽ ആറ് മാസത്തിനിടെ പൊലിഞ്ഞത് 11 ജീവനുകളാണ്. 80ല്‍ അധികം പേര്‍ക്ക് പരുക്ക് പറ്റി. ശാസ്ത്രിയമല്ലാത്ത നിർമ്മാണ രീതിയും മുന്നറിയിപ്പ് ബോ‍ർഡുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ കൂടാൻ ഇടയാക്കിയത്. ദേശീയ പാത അതോറിറ്റിയും കളക്ടറും മൂന്നാഴ്ചക്കകം  കമ്മീഷന് റിപ്പോർട്ട് നല്‍കണം.

അപകടം കുറയ്ക്കാൻ ദേശീയ പാത അതോറിറ്റി ബൈപ്പാസിലെ വേഗ പരിധി നിശ്ചയിച്ച് ബോര്‍ഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇടറോഡുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കി. എന്നാൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ മെല്ലെപ്പോക്കിലാണ്.