ഇടുക്കി: ഒറ്റ ദിവസം കൊണ്ട് വിന്‍സെന്‍റിന്‍റെ ജീവിതം മറിഞ്ഞു. കഴിഞ്ഞ 9 വര്‍ഷങ്ങളായി മൂന്നാര്‍ ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന വിന്‍സെന്‍റിനാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൗര്‍ണ്ണമിയുടെ 420 ാം നറുക്കെടുപ്പിലായിരുന്നു സമ്മാനം അടിച്ചത്.

RX 374957 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് വിന്‍സെന്‍റിനെ തേടി ഒന്നാം സമ്മാനമെത്തിയത്. ദിവസവും ടിക്കറ്റ് എടുക്കുന്ന ശീലമുള്ള വിന്‍സെന്‍റ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കല്ലാര്‍ നല്ലതണ്ണി എസ്റ്റേറ്റ് സ്വദേശിയായ അന്തോണിയുടെ കടയില്‍ നിന്നാണെടുത്തത്. മുമ്പ് പലപ്പോഴായി ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ മൂന്നാര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.

മൂന്നു പെണ്‍മക്കളും ഒരു മകനുമുള്ള വിന്‍സെന്‍റിന് ഒന്നാം സമ്മാനം ലഭിച്ചതിന്‍റെ ആനന്ദലബ്ദിക്കിടയിലും അമിതമായ ആഗ്രഹങ്ങളില്ല. സാമ്പത്തികമായ ബാധ്യതകളെല്ലാം വീട്ടി ഒന്നു സ്വസ്ഥമാകണമെന്നുമാത്രമാണ് ആഗ്രഹം. തോട്ടം തൊഴിലാളിയായ സഹായമേരിയാണ് ഭാര്യ. മൂന്നു പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു. ഇളയ മകന്‍ എറണാകുളം തോപ്പുപടിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നു.