അമ്പലപ്പുഴ: ക്ഷേത്രത്തില്‍ വിവാഹം നടക്കുന്ന സമയത്ത് വധുവിന്റെ വീട്ടിലെ അലമാര പൊളിച്ച് പണം മോഷ്ടിച്ചു. പുറക്കാട് വെളിംപറമ്പില്‍ രാജീവന്റെ വീട്ടില്‍ ഇന്നലെ പട്ടാപ്പകലാണ് മോഷണം നടന്നത്. സംഭാവന കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്താതെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജീവന്റെയും സുജാതയുടെയും മകള്‍ ശ്രീക്കുട്ടിയുടെ വിവാഹം ഇന്നലെ 11.30നും 12നും മധ്യേ പുന്തല ഭഗവതിക്ഷേത്രത്തിലാണ് നടന്നത്.

കുടുംബാംഗങ്ങള്‍ വീടടച്ച് 10.30ന് ക്ഷേത്രത്തിലേക്ക് പോയി. ഉച്ചയോടെ ശ്രീക്കുട്ടിയുടെ കൂട്ടുകാരി ഗ്രീഷ്മ വെളിംപറമ്പ് വീട്ടിലേക്ക് വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. രാജീവന്‍ വീടിനോടു ചേര്‍ന്ന് ചായക്കട നടത്തുന്നുണ്ട്. ചായക്കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്. അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.